ലോകപ്രശസ്ത സോഫ്റ്റ്വെയർ കമ്പനിയായ അഡോബിയുടെ പുതിയ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) ഇന്ത്യൻ വംശജനായ അനിൽ ചക്രവർത്തിയെ നിയമിച്ചു. കഴിഞ്ഞ 18 വർഷമായി കമ്പനിയെ നയിച്ച ശന്തനു നാരായണൻ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഈ നിയമനം. ഡിസംബർ ഒന്നിന് അനിൽ ചക്രവർത്തി ചുമതലയേൽക്കും. നിലവിൽ അഡോബിയുടെ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ വിഭാഗം പ്രസിഡന്റാണ് അദ്ദേഹം. എഐ രംഗത്തെ കടുത്ത മത്സരങ്ങൾക്കിടയിൽ കമ്പനിയെ മുന്നോട്ട് നയിക്കുകയാണ് പ്രധാന ലക്ഷ്യം.
ഐഐടി വാരണാസിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും, എംഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കിയ അനിൽ ചക്രവർത്തി, 2020 ജനുവരിയിലാണ് അഡോബിയിൽ ചേരുന്നത്. ഇൻഫോർമാറ്റിക്ക, സിമാന്റെക് തുടങ്ങിയ മുൻനിര കമ്പനികളിലും അദ്ദേഹം ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. അഡോബിയുടെ ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിന്റെയും ആഗോള ഫീൽഡ് ഓപ്പറേഷൻസിന്റെയും തലവനെന്ന നിലയിൽ കമ്പനിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
അഡോബിയെ എഐ യുഗത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അനിലെന്ന് സ്ഥാനമൊഴിയുന്ന ശന്തനു നാരായൺ പറഞ്ഞു. ശന്തനു നാരായൺ ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.

