നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ദുൽഖറിന്റെ 40-ാമത്തെ ചിത്രമായ ഇത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
2 മണിക്കൂർ 53 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ദുൽഖറിന് പുറമെ ആന്റണി വർഗീസ്, കയാദു ലോഹർ, മിഷ്‌കിൻ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ തിരക്കഥയും സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ സംഭാഷണവും ഒരുക്കിയിരിക്കുന്നു. ജിംഷി ഖാലിദിന്റെ ക്യാമറ, ചമൻ ചാക്കോയുടെ എഡിറ്റിംഗ്, അൻപറിവിന്റെ ആക്ഷൻ, അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ എന്നിവ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
ചിത്രത്തിൽ ദുൽഖർ തന്നെ ആലപിച്ച ‘ലൂസർ’, ‘മഴവില്ലായെ’ എന്നീ പാട്ടുകൾക്ക് പിന്നാലെ ജേക്സ് ബിജോയ് സംഗീതം നൽകി ഇവുജിൻ ആലപിച്ച ‘കരവും കരളും’ എന്ന പുതിയ ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബി.കെ ഹരിനാരായണന്റേതാണ് വരികൾ.

