Ask.com പ്രവർത്തനം അവസാനിപ്പിച്ചതായി ഐഎസി ഔദ്യോഗികമായി സ്ഥിരീകരിച്ചു

Ask.com പ്രവർത്തനം അവസാനിപ്പിച്ചതായി ഐഎസി ഔദ്യോഗികമായി സ്ഥിരീകരിച്ചു

ഇന്റർനെറ്റ് സെർച്ച് രംഗത്തെ ആദ്യകാല അതികായന്മാരിലൊരാളായ Ask.com ചരിത്രത്തിന്റെ ഭാഗമാകുന്നു. മൂന്ന് പതിറ്റാണ്ടോളം ആഗോള വെബ് ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഈ പ്ലാറ്റ്‌ഫോം പ്രവർത്തനം അവസാനിപ്പിച്ചതായി ഉടമസ്ഥരായ ഐഎസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2026 മേയ് ഒന്നിനാണ് വെബ് സെർച്ച് ചരിത്രത്തിലെ സുപ്രധാനമായ ഈ അധ്യായത്തിന് തിരശ്ശീല വീണത്.

ലോകത്തിന്റെ ചോദ്യങ്ങൾക്ക് 25 വർഷത്തോളം ഉത്തരം നൽകിയ ശേഷമാണ് Ask.com സെർച്ച് ബിസിനസ്സ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് ഐഎസി വ്യക്തമാക്കി. ഇന്റർനെറ്റിന്റെ പ്രാരംഭ ഘട്ടത്തിൽ, പ്രത്യേകിച്ച് 90-കളുടെ അവസാനത്തിലും 2000-ന്റെ തുടക്കത്തിലും വെബ് സെർച്ചിംഗിന്റെ പര്യായമായിരുന്നു ‘Ask Jeeves’ എന്നറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്‌ഫോം. 1997-ൽ ഗൂഗിളിന്റെ ഉദയത്തിന് തൊട്ടുമുമ്പായിരുന്നു ഇതിന്റെ തുടക്കം.

പഴയകാല ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ഒരു ബട്ട്‌ലറുടെ രൂപത്തിലുള്ള ലോഗോയും ‘ആസ്ക് ജീവ്സ്’ എന്ന പേരും ഏറെ ജനപ്രിയമായിരുന്നു. സാധാരണ സെർച്ച് എഞ്ചിനുകളിൽ കീവേഡുകൾ നൽകുന്നതിന് പകരം, മനുഷ്യരോട് സംസാരിക്കുന്നത് പോലെ പൂർണ്ണമായ വാക്യങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള സൗകര്യമായിരുന്നു ഇതിനെ വ്യത്യസ്തമാക്കിയിരുന്നത്. ഇന്നത്തെ എഐ ചാറ്റ്‌ബോട്ടുകളുടെ പ്രവർത്തനരീതിക്ക് സമാനമായ ഒരു സമീപനം പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ Ask.com പരീക്ഷിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ 2000-കളുടെ പകുതിയോടെ ഗൂഗിൾ സെർച്ച് രംഗത്ത് അപ്രമാദിത്വം സ്ഥാപിച്ചതോടെ Ask.com-ന്റെ പ്രതാപം മങ്ങാൻ തുടങ്ങി. 2005-ൽ ഐഎസി പ്ലാറ്റ്‌ഫോം ഏറ്റെടുത്തതിന് പിന്നാലെ പേരിൽ നിന്ന് ‘Jeeves’ എന്ന ഭാഗവും ബട്ട്‌ലർ ലോഗോയും ഒഴിവാക്കി പരിഷ്കരിക്കാൻ ശ്രമിച്ചെങ്കിലും വിപണിയിൽ ചലനമുണ്ടാക്കാനായില്ല. ഗൂഗിളിനോട് മത്സരിക്കുക പ്രായോഗികമല്ലെന്ന് 2010-ൽ തന്നെ ഐഎസി പരസ്യമായി സമ്മതിച്ചിരുന്നു. പിന്നീട് സെർച്ച് എഞ്ചിൻ എന്നതിലുപരി ഒരു ചോദ്യോത്തര പ്ലാറ്റ്‌ഫോമായി ഇത് തുടർന്നുപോന്നു. ആദ്യകാല ഇന്റർനെറ്റ് യുഗത്തിന്റെ ഗൃഹാതുര സ്മരണകൾ ബാക്കിയാക്കിയാണ് ആസ്ക് ഡോട്ട് കോം ഇപ്പോൾ പടിയിറങ്ങുന്നത്.

administrator

Related Articles