സാംസങ്ങിനോട് 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുവ ലിപ

സാംസങ്ങിനോട് 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുവ ലിപ

സാംസങ് ഇലക്ട്രോണിക്‌സിനെതിരെ കേസ് ഫയൽ ചെയ്ത് ബ്രിട്ടീഷ് പോപ്പ് താരം ദുവ ലിപ. അനുമതിയില്ലാതെ തന്റെ ചിത്രം ടെലിവിഷൻ സെറ്റുകൾ വിപണനം ചെയ്യാൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് കേസ്. കുറഞ്ഞത് 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരം കോടതിയിൽ ഹർജി സമർപ്പിച്ചു.

ചില്ലറ വിൽപ്പനയ്ക്കുള്ള ടെലിവിഷനുകൾ അടങ്ങിയ കാർഡ്ബോർഡ് ബോക്സുകളുടെ മുൻവശത്ത് പോപ്പ് താരത്തിന്റെ ചിത്രം സാംസങ് ഉൾപ്പെടുത്തിയെന്നാണ് കേസ്. തന്റെ ചിത്രം ഉപയോഗിച്ച് കമ്പനിക്ക് നേട്ടമുണ്ടാകുമെന്നും താരം കേസിൽ ആരോപിക്കുന്നു.

ടിവി ബോക്സുകളിൽ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ചിത്രത്തിന്റെ പേര് “ദുവ ലിപ – ബാക്ക്സ്റ്റേജ് അറ്റ് ഓസ്റ്റിൻ സിറ്റി ലിമിറ്റ്സ്, 2024” എന്നാണ്. കൂടാതെ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും ലിപയ്ക്കാണെന്നും കേസിൽ പറയുന്നു. കാലിഫോർണിയ ഫെഡറൽ കോടതിയിൽ വെള്ളിയാഴ്ചയാണ് ഇവർ കേസ് ഫയൽ ചെയ്തത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് സാംസങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പകർപ്പവകാശ, വ്യാപാരമുദ്ര ലംഘനത്തിന് പുറമേ, സാംസങ് ഇലക്ട്രോണിക്സ് പരസ്യ അവകാശങ്ങൾ ലംഘിച്ചതായും ദുവ ലിപ ആരോപിക്കുന്നുണ്ട്. ലിപയുടെ അഭിഭാഷകർ സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകൾ ഫയലിംഗിനൊപ്പം ചേർത്തിട്ടുണ്ട്. ബോക്സുകളുടെ മുൻവശത്തുള്ള പോപ്പ് താരത്തിന്റെ ചിത്രം ഉപഭോക്താക്കളെ ഉൽപ്പന്നം വാങ്ങാൻ പ്രേരിപ്പിച്ചുവെന്നും ഇവർ അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം ജൂണിൽ തന്നെ സാംസങ് തന്റെ ചിത്രം ഉപയോഗിക്കുന്നതായി ഗായികയ്ക്ക് അറിയാമായിരുന്നു. തന്റെ ചിത്രം ഉപയോഗിക്കുന്നത് നിർത്തണമെന്ന് ഇവർ സാംസങ്ങിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സാസംസങ് കുറ്റം ആവർത്തിക്കുകയാണെന്ന് അവരുടെ അഭിഭാഷകർ പറഞ്ഞു.

administrator

Related Articles