മലയാള സിനിമയിൽ നവാഗതരുമായി എത്തി വിസ്മയ വിജയം നേടിയ ‘വാഴ 2’ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നു. ശ്രദ്ധേയമായ മലയാള ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തെലുങ്ക് പ്രേക്ഷകർക്കായി ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തിങ്ക് മ്യൂസിക് തെലുങ്ക്, ഷൈൻ സ്ക്രീൻസ് എന്നിവരുടെ യൂട്യൂബ് ചാനലുകളിലൂടെ പുറത്തിറങ്ങിയ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേമലുവിനും ലോകയ്ക്കും ശേഷം തെലുങ്ക് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ കൊച്ചു ചിത്രം.
ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയും കടന്ന് കുതിപ്പ് തുടരുന്ന ‘വാഴ 2’ ഇതിനകം കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. മലയാളത്തിലെ നിലവിലെ ഇൻഡസ്ട്രി ഹിറ്റായ ‘ലോക’യുടെ റെക്കോർഡുകൾ ഈ ചിത്രം തകർക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഏക മലയാള ചിത്രമായ ‘ലോക’യുടെ തൊട്ടുപിന്നാലെ റെക്കോർഡ് വേഗത്തിലാണ് വാഴയുടെ കുതിപ്പ്. ചിരിയും ചിന്തയും നിറഞ്ഞ ചിത്രം ഇതര ഭാഷകളിലും വലിയ തരംഗമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ് തുടങ്ങിയ യുവനിരയാണ് പ്രധാന വേഷങ്ങളിലെത്തിയത്. അൽഫോൻസ് പുത്രൻ, അജു വർഗീസ് തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ആദ്യ പകുതിയിൽ പൊട്ടിച്ചിരിയും രണ്ടാം പകുതിയിൽ ജീവിത യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ഈ ഇമോഷണൽ ഡ്രാമ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം ഇപ്പോൾ മലയാള സിനിമയുടെ പുതിയ വാണിജ്യ സാധ്യതകളുടെ അടയാളമായി മാറിയിരിക്കുകയാണ്.

