നിർമ്മിത ബുദ്ധി മേഖലയിലെ കുതിച്ചുചാട്ടത്തിനൊപ്പം ഡാറ്റ സെന്ററുകളുടെ നിർമ്മാണത്തിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളുടെ കുറവ് നേരിടുന്നുണ്ടെന്ന് മെറ്റ വെളിപ്പെടുത്തി. ഈ പ്രതിസന്ധി മറികടക്കാൻ ലെവൽഅപ്പ് എന്ന പേരിൽ സൗജന്യ പരിശീലന പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു. സിബിആർഇ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് നാലാഴ്ച നീളുന്ന ഈ പരിശീലനം സംഘടിപ്പിക്കുന്നത്. സാങ്കേതിക മേഖലയിൽ മുൻപരിചയം ഇല്ലാത്തവർക്കും കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്കും ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർക്കും ഈ പദ്ധതിയിലൂടെ ഫൈബർ ടെക്നീഷ്യൻമാരായി മാറാനുള്ള അവസരമാണ് ലഭിക്കുന്നത്.
പ്രായോഗിക പരിശീലന ലാബുകളും ടീം വർക്കുകളും ഉൾപ്പെടുന്ന ഈ പഠനപരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെറ്റയുടെ അമേരിക്കയിലെ നിർമ്മാണ സൈറ്റുകളിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ അമേരിക്കയിൽ മാത്രം 27 ഡാറ്റ സെന്ററുകൾ മെറ്റയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയോ നിർമ്മാണം നടക്കുകയോ ചെയ്യുന്നുണ്ട്. ഈ വേനൽക്കാലത്ത് തന്നെ പരിശീലനത്തിന്റെ ആദ്യ ബാച്ച് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എഐ സാങ്കേതികവിദ്യയുടെ വികസനത്തിൽ ഡാറ്റ സെന്ററുകൾ നിർണ്ണായക പങ്ക് വഹിക്കുന്ന സാഹചര്യത്തിലാണ് മെറ്റ തന്നെ നേരിട്ട് തൊഴിലാളികൾക്ക് പരിശീലനം നൽകാൻ രംഗത്തിറങ്ങുന്നത്.
അതേസമയം, എഐ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തുമ്പോഴും ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താനും മെറ്റ തയ്യാറെടുക്കുന്നുണ്ട്. അടുത്ത 30 ദിവസത്തിനുള്ളിൽ ഏകദേശം 8,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ മുൻഗണനകൾ മാറുന്നതിന്റെ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. പുതിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോഴും നിലവിലുള്ള തസ്തികകളിൽ കുറവ് വരുത്തുന്നത് ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

