ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വലിയ തരംഗം സൃഷ്ടിച്ച വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ ‘സോറ’ ഓപ്പൺ എഐ നിർത്തലാക്കുന്നു. ടെക്സ്റ്റ് നിർദ്ദേശങ്ങളിൽ നിന്ന് സിനിമ നിലവാരത്തിലുള്ള വീഡിയോകൾ നിർമ്മിക്കാനുള്ള കഴിവ് സോറയെ ശ്രദ്ധേയമാക്കിയിരുന്നു. ഡിസ്നിയുമായി ചേർന്ന് മാർവൽ, സ്റ്റാർ വാർസ് തുടങ്ങിയ പ്രശസ്തമായ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഏകദേശം ഒരു ബില്യൺ ഡോളറിന്റെ കരാർ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇതോടെ സോറ ആപ്പും അതിന്റെ എപിഐ സേവനങ്ങളും ഇല്ലാതാകുന്നതിനൊപ്പം ചാറ്റ് ജിപിടിയിലെ വീഡിയോ ജനറേഷൻ സൗകര്യവും നിർത്തലാക്കും.
സോറയുടെ പ്രവർത്തനത്തിന് ആവശ്യമായ അമിതമായ കമ്പ്യൂട്ടേഷണൽ പവർ ആണ് ഈ പിന്മാറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. സോറയുടെ ഉപയോഗം കമ്പനിയുടെ ജിപിയു ശേഷിയെ സാരമായി ബാധിക്കുന്നുവെന്ന് സോറ മേധാവി ബിൽ പീബിൾസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ആന്ത്രോപിക് പോലുള്ള എതിരാളികളിൽ നിന്നുള്ള വെല്ലുവിളി നേരിടാൻ കമ്പനി ഇപ്പോൾ എന്റർപ്രൈസ് ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ വർഷം ഏകദേശം 14 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം ഓപ്പൺ എഐ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

