മലയാള വാർത്താമാധ്യമ ലോകത്ത് പുതിയൊരു ചാനൽ ‘ബിഗ് ടിവി’ ഇന്നലെ പ്രേക്ഷകരിലേക്ക് എത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോഗോ പ്രകാശനത്തിന് പിന്നാലെ ഇപ്പോൾ ചാനൽ ഔദ്യോഗികമായി വാർത്താ സംപ്രേഷണവും ആരംഭിച്ചത്. മാധ്യമരംഗത്തെ ആധുനിക സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസ്യതയും ഉത്തരവാദിത്തവും മുറുകെപ്പിടിക്കുന്ന ഒരു സമഗ്ര മീഡിയ പ്ലാറ്റ്ഫോമായി വളരാനാണ് ബിഗ് ടിവി ലക്ഷ്യമിടുന്നതെന്ന് ബിഗ് ടിവി മാനേജ് മെൻ്റ് പറയുന്നു.
മാധ്യമരംഗത്ത് ദീർഘകാലത്തെ അനുഭവസമ്പത്തുള്ള അനിൽ അയിരൂർ മാനേജിംഗ് ഡയറക്ടറായും, പ്രമുഖ മാധ്യമപ്രവർത്തക സുജയ പാർവ്വതി ന്യൂസ് എഡിറ്ററായും നേതൃത്വം നൽകുന്ന ചാനലാണ് ബിഗ് ടിവിയുടെ കരുത്ത്.
വാർത്തകൾ കേവലം വിവരങ്ങൾക്കപ്പുറം കൃത്യമായ വിശകലനത്തോടും വസ്തുനിഷ്ഠതയോടും കൂടി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചാനലിന്റെ പ്രധാന നയം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളിൽ ആഴത്തിലുള്ള ഇടപെടലുകൾ നടത്തുന്നതിനൊപ്പം തന്നെ സാധാരണക്കാരന്റെ ശബ്ദമാകാനും ബിഗ് ടിവി മുൻഗണന നൽകുന്നു.
പരമ്പരാഗത വാർത്താ അവതരണ രീതികളിൽ നിന്ന് മാറി, ആധുനിക പ്രേക്ഷകരുടെ അഭിരുചികൾക്കനുസൃതമായ മാറ്റങ്ങളാണ് ചാനലിൽ ഒരുക്കിയിരിക്കുന്നത്. ടെലിവിഷൻ സംപ്രേഷണത്തിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും തുല്യ പ്രാധാന്യം നൽകുന്നതിലൂടെ യുവതലമുറയെയും മുതിർന്ന പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻ ബിഗ് ടിവിക്ക് സാധിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. സത്യസന്ധമായ വാർത്തകൾക്കും വിജ്ഞാനപ്രദമായ പരിപാടികൾക്കുമായി കാത്തിരിക്കുന്ന മലയാളികൾക്ക് ബിഗ് ടിവിയുടെ വരവ് വലിയൊരു പ്രതീക്ഷയാണ്.

