ആഗോള ടെക് ഭീമനായ ആമസോൺ തങ്ങളുടെ കോർപ്പറേറ്റ് വിഭാഗത്തിൽ നിന്ന് 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ തീരുമാനിച്ചു. മൂന്ന് മാസത്തിനിടെ കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്. 2025 ഒക്ടോബറിൽ ഏകദേശം 14,000 പേരെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ ചുരുങ്ങിയ കാലയളവിനുള്ളിൽ 30,000 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. കമ്പനിയിലെ അനാവശ്യമായ ഉദ്യോഗസ്ഥ ശൃംഖല വെട്ടിക്കുറച്ച് പ്രവർത്തനങ്ങൾ ലളിതമാക്കാനാണ് ഈ നടപടിയെന്ന് ആമസോൺ വ്യക്തമാക്കുന്നു.
ഇന്ത്യയിലും ഈ നീക്കം കാര്യമായ പ്രതിഫലനമുണ്ടാക്കും. റിപ്പോർട്ടുകൾ പ്രകാരം ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്നായി നൂറിലധികം ജീവനക്കാർക്ക് ഇതിനോടകം ജോലി നഷ്ടമായിട്ടുണ്ട്. ചില കണക്കുകൾ പ്രകാരം ഇന്ത്യയിൽ 500 മുതൽ 700 വരെ പേരെ ഈ പിരിച്ചുവിടൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ആമസോൺ വെബ് സർവീസസ്, പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് പ്രധാനമായും തൊഴിൽ ഭീഷണി നേരിടുന്നത്.

