കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്ലാറ്റ്ഫോം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യൂട്യൂബ്. കുട്ടികള്‍ യൂട്യൂബ് ഷോര്‍ട്സ് കാണുന്ന സമയം നിയന്ത്രിക്കാനുള്ള സ്ക്രീന്‍ ടൈം കണ്ട്രോള് ആണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇതോടെ കുട്ടികളുടെ ഡിജിറ്റല്‍ ശീലങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം ചെലുത്താന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും.
ഷോര്‍ട്സ് കാണുന്നതിന് ടൈമര്‍
പുതിയ സംവിധാനം അനുസരിച്ച് മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കായി പ്രത്യേക സമയം നിശ്ചയിക്കാം. ഉദാഹരണത്തിന്, ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ഷോര്‍ട്സ് തനിയെ ഓഫാകുന്ന രീതിയില്‍ ടൈമര്‍ സെറ്റ് ചെയ്യാം. പഠനസമയത്തോ ഹോംവര്‍ക്ക് ചെയ്യുന്ന നേരത്തോ ഈ ടൈമര്‍ സീറോ ആക്കി ഷോര്‍ട്സ് പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യാനും സാധിക്കും. കൂടാതെ ഉറക്കസമയം, ഇടവേളകള്‍ എന്നിവയ്ക്കായി പ്രത്യേക റിമൈന്‍ഡറുകളും സജ്ജീകരിക്കാം. അതേസമയം, കുടുംബമായി എവിടെയെങ്കിലും പോകുകയാണെങ്കില്‍ യൂട്യൂബില്‍ വീഡിയോകള്‍ കാണുന്നതിനുള്ള സമയം 30 അല്ലെങ്കില്‍ 60 മിനിറ്റായി നിശ്ചയിക്കാം.
വിദ്യാഭ്യാസപരമായ ഉള്ളടക്കത്തിന് മുന്‍ഗണന
രസകരമായ വീഡിയോകള്‍ക്ക് പകരം കൗമാരക്കാരുടെ പ്രായത്തിന് അനുയോജ്യമായതും വിജ്ഞാനപ്രദവുമായ ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ഇതിനായി ക്രാഷ് കോഴ്സുകള്‍ക്കും വിദ്യാഭ്യാസ ചാനലുകള്‍ക്കും ശുപാര്‍ശ പട്ടികയില്‍ (Recommendations) മുന്‍ഗണന നല്‍കും. നിലവാരം കുറഞ്ഞതും ശ്രദ്ധ തിരിക്കുന്നതുമായ വീഡിയോകള്‍ കുട്ടികളിലേക്ക് എത്തുന്നത് ഇതോടെ കുറയും. പ്രൊഫഷണലുകള്‍, യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ ഗൈഡ് വികസിപ്പിച്ചെടുത്തത്.
അക്കൗണ്ട് മാനേജ്മെന്റ്
ഒരേ കുടുംബത്തിലുള്ളവര്‍ക്ക് വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്‍ക്കായി പുതിയ അക്കൗണ്ടുകള്‍ എളുപ്പത്തില്‍ തുടങ്ങാനുള്ള സംവിധാനവും ഉടന്‍ വരും. മൊബൈല്‍ ആപ്പില്‍ നിന്നുതന്നെ രക്ഷാകര്‍ത്താവിനും കുട്ടികള്‍ക്കും തങ്ങളുടെ പ്രൊഫൈലുകളിലേക്ക് വേഗത്തില്‍ മാറാന്‍ സാധിക്കും. ഓരോരുത്തര്‍ക്കും അവരുടെ പ്രായത്തിന് ഉചിതമായ കണ്ടന്റുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഇത് ഉറപ്പാക്കും. വീട്ടില്‍ യൂട്യൂബ് കാണുന്ന ഏതൊരാള്‍ക്കും പ്രായത്തിനനുസരിച്ചുള്ള കണ്ടന്റുകളും ഉചിതമായ ക്രമീകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും. ഏത് സമയത്തും ആരാണ് യൂട്യൂബ് കാണുന്നതെന്ന് ഇത് വ്യക്തമായി കാണിക്കുകയും ചെയ്യും.
ഡിജിറ്റല്‍ ലോകത്ത് നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം, സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂട്യൂബ് പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ജെന്നിഫര്‍ ഫ്ലാനറി ഒകോണര്‍ വ്യക്തമാക്കി.

