ഗ്രോക് (Grok) ഉപയോഗിച്ചുകൊണ്ട് അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപക പരാതിയിൽ ഒടുവിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്‌ക്. ഗ്രോക് ഉപയോഗിച്ച് കൊണ്ട് നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിർമിച്ചോ ,പ്രോംപ്റ്റ് നൽകിയോ ഇത്തരത്തിലുള്ള പോസ്റ്റ് നേരിടേണ്ടി വരുന്ന അതേ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് മസ്‌ക് എക്സ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കത്തയച്ചതിന് പിന്നാലെയാണ് മസ്കിന്റെ പ്രതികരണം. എക്സ് പ്ലാറ്റ്‌ഫോമിന്റെ സുരക്ഷ ടീമും ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ (CSAM) ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതായും , അത്തരത്തിലുള്ള അക്കൗണ്ടുകൾ സസ്പെന്റ് ചെയ്യുന്നതായും പ്രാദേശിക ഭരണകൂടങ്ങളുമായും നിയമപാലകരുമായും സഹകരിച്ച് എക്‌സിലെ നിയമവിരുദ്ധ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കുന്നതായി സുരക്ഷ ടീം അറിയിച്ചു.
ഉപഭോക്താക്കളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് എക്‌സിന് ഒരു പോളിസി ഉണ്ടെന്നും ഇതനുസരിച്ച് കുട്ടികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരം അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിന് സാങ്കേതികമായ എന്ത് മാറ്റമാണ് കൊണ്ട് വരൻ ഉദ്ദേശിക്കുന്നതെന്ന് മസ്‌ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഗ്രോക് ഉപയോഗിച്ച് ഉപയോക്താക്കൾ കൃത്രിമ ചിത്രങ്ങൾ നിർമിക്കുന്നതായും ,ഇത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ കാര്യമായി ബാധിക്കുന്നതായും നിരവധി പരാതികളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വരുന്നത്. അതിനാൽ ഇത്തരം ഉള്ളടക്കങ്ങൾ തടയുന്നതിനായി ഗ്രോക്കിന്റെ സംവിധാനങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും, മോശം ഉള്ളടക്കങ്ങളെല്ലാം ഒഴിവാക്കണമെന്നും, ഇതിൽ എക്സിന്റെ ഭാഗത്ത് നിന്ന് കർശന നടപടി ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടി ജനുവരി രണ്ടിനാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കത്തയച്ചത്.

