വ്യാപാര രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട യുഎസ് കേസില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സേവനദാതാവായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) തിരിച്ചടി. ഡിഎക്സ്സി ടെക്നോളജി കമ്പനിയുമായി (കമ്പ്യൂട്ടര്‍ സയന്‍സസ് കോര്പ്പറേഷന്) ബന്ധപ്പെട്ട കേസില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് അപ്പീല്‍ കോടതി ടിസിഎസിന് പ്രതികൂല വിധി ശരിവെക്കുകയായിരുന്നു. ഇതോടെ ഈ കേസില്‍ ടിസിഎസ് ഏകദേശം 194 മില്യണ്‍ ഡോളര്‍ (17,31,10,46,800 കോടി രൂപ) നഷ്ടപരിഹാരം നല്‍കേണ്ടിവരും.
വ്യാപാര രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഒരു യുഎസ് ജില്ലാ കോടതി ടിസിഎസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കമ്പനി 194 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ടിസിഎസ് അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഈ വിഷയത്തില്‍ പ്രതികൂല വിധി പുറപ്പെടുവിച്ചെന്നും ജില്ലാ കോടതിയുടെ നഷ്ടപരിഹാര വിധി ശരിവച്ചിട്ടുണ്ടെന്നും ടിസിഎസ് ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ട്രാന്സ്അമേരിക്കയുടെ അനുബന്ധ സ്ഥാപനത്തിന് ലൈസന്‍സ് നല്കിയ ശേഷം തങ്ങളുടെ സോഫ്റ്റ്വെയര് ദുരുപയോഗം ചെയ്തു എന്നാരോപിച്ച് ഡിഎക്സ്സി ടെക്നോളജി അഥവാ കമ്പ്യൂട്ടര്‍ സയന്‍സസ് കോര്പ്പറേഷന് 2019ല്‍ ആണ് കേസ് ഫയല്‍ ചെയ്തത്. ട്രാന്സ്അമേരിക്കയിലെ ജീവനക്കാര്‍ക്ക് അനുവദിച്ച സോഫ്റ്റ്വെയര് ആക്സസ് ടിസിഎസ് ചൂഷണം ചെയ്തതായി കേസ് ആരോപിച്ചു. രണ്ട് ബില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായി ടിസിഎസിലേക്ക് മാറിയ ട്രാന്‍സ്അമേരിക്ക തൊഴിലാളികള്‍ സോഫ്റ്റ്വെയര് ആക്സസ് ദുരുപയോഗം ചെയ്തുവെന്നും കേസില്‍ ഡിഎക്സ്സി ടെക്നോളജി ആരോപിച്ചു.

