ടെലിവിഷന്‍ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം വ്യാജമായി റേറ്റിംഗ് കൂട്ടാൻ ഒരു ചാനൽ ശ്രമിച്ചെന്ന ആരോപണമുയർത്തി 24 ന്യൂസ് ചാനല്‍. 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നാണ് വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട് ആരോപണം. ബാര്‍ക്കിലെ മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് 24 ന്യൂസ് ആരോപിക്കുന്നു.
കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്നാണ് ആരോപണം. ക്രിപ്റ്റോ കറന്‍സി USDT വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാര്‍ക്ക് ജീവനക്കാരന് പ്രേംനാഥും കേരളത്തിലെ പ്രസ്തുത ചാനല്‍ ഉടമയും തമ്മില്‍ നിരന്തരം ഫോണ്‍വിളികളും വാട്സ് ആപ്പ് ചാറ്റുകളും നടന്നു. ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ വാട്സ് ആപ്പ് ചാറ്റുകളും വിശദാംശങ്ങളും പുറത്തുവിട്ടു.
2025 മെയ് 17ന് ചാനല്‍ ഉടമ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്സാപ്പ്ചാറ്റിലൂടെ സ്കോര്‍ എത്ര എന്ന് ചേദിക്കുന്നു. അതിന് മറുപടിയായി അല്പസമയത്തിനുശേഷം 6.33ന് പ്രേംനാഥ് will update എന്ന് അയക്കുന്നു. 6.35 ന് ചാനല്‍ ഉടമ Okഎന്ന് തിരിച്ച് മെസേജ് അയക്കുന്നു. തുടര്‍ന്ന് അന്നുതന്നെ വൈകീട്ട് 3.10 ന് 113 to 116എന്ന് പ്രേംനാഥ് ചാനല്‍ ഉടമയ്ക്ക് റേറ്റിംഗ് നമ്പര്‍ അയക്കുന്നു. തുടര്‍ന്ന് വന്ന റേറ്റിംഗില്‍ ഈ നമ്പര്‍ കൃത്യമായി എന്നതും തട്ടിപ്പിന്റെ തെളിവാണെന്ന് 24 ന്യൂസ് ആരോപിക്കുന്നു.
ചാനല്‍ ഉടമയെ നിരന്തരം വിളിച്ച് ഉദ്ദേശിച്ച പ്രതികരണം കിട്ടാതിരുന്നപ്പോള്‍ ‘Sorry, plz do the commitment’ എന്ന മറുപടിയും പ്രേംനാഥ് അയച്ചുവത്രേ. ഇതിന് മറുപടിയായി ചാനല്‍ ഉടമയുടെ PAID എന്ന മെസേജിന് പ്രേംനാഥിന്റെ മറുപടി ഒരു തംപ്സ്അപ് ആയിരുന്നു. വരും ആഴ്ച്ചകളില്‍ 24 ന്റെ റേറ്റിംഗ് നാലാം സ്ഥാനത്ത് എത്തുമെന്ന് ഇന്നലെ ചാനല്‍ ഉടമക്ക് പ്രേംനാഥ് മെസേജ് അയച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു.
വടക്കന്‍ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിള്‍ നെറ്റ് വര്‍ക്കിലെ ലാന്‍ഡിംഗ് പേജ് എടുത്ത് റേറ്റിംഗില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാര്‍ക്ക് തിരിമറിക്ക് ചാനല്‍ തുടക്കം കുറിച്ചതെന്നും വിവരമുണ്ട്. 85 ലക്ഷത്തോളം കേബിള്‍ കണക്ഷനുകളുള്ള കേരളത്തില്‍ ഒരു ചെറിയ കേബിൾ നെറ്റ് വര്‍ക്കിലെ ലാന്റിംഗ് പേജ് റേറ്റിംഗില്‍ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷന്‍ പ്രേഷകരേയും വിദഗ്ധമായി പറ്റിക്കാന്‍ ആരോപിതമായ ചാനലിന് കഴിഞ്ഞെന്നും ഇതോടൊപ്പം തട്ടിപ്പിന് കളമൊരുക്കാന്‍ യൂട്യൂബ് വ്യൂവര്‍ഷിപ്പിലും വ്യാപകമായി തട്ടിപ്പു നടത്താന്‍ ഫോണ്‍ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ആ ചാനല്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലേഷ്യ, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിംഗ് ഏജന്‍സികള്‍ക്ക് കോടികള്‍ നല്കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവര്‍ഷിപ്പ് ഉയര്‍ത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയതായും ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചുവെന്ന വിമര്‍ശനവും 24 ന്യൂസ് ഉയർത്തുന്നു.

