സ്കൂൾ വിദ്യാർഥികൾക്കിടയിൽ നിർമിതബുദ്ധിയുടെ (എഐ) അനിയന്ത്രിതമായ ഉപയോഗം തടയാൻ കർശന നടപടികളുമായി നോർവേ. പഠനത്തെ എഐ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാനും, വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്താനുമാണ് നോർവീജിയൻ സർക്കാരിന്റെ നീക്കം. പരീക്ഷകളിൽ വിദ്യാർഥികളുടെ സ്കോർ കുറയുന്നതായി ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിൽ, ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള, അതായത് 6 മുതൽ 13 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ എഐ ഉപയോഗത്തിന് പൂർണമായ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 14 മുതൽ 16 വയസ്സുവരെയുള്ള ലോവർ സെക്കൻഡറി വിദ്യാർഥികൾക്ക് അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രം എഐ ടൂളുകൾ ഉപയോഗിക്കാൻ അനുവാദം നൽകും. 17 മുതൽ 19 വയസ്സുവരെയുള്ള അപ്പർ സെക്കൻഡറി വിദ്യാർഥികൾക്ക് തൊഴിൽപരമായ ആവശ്യങ്ങൾക്കും ഉപരിപഠനത്തിനുമായി എഐ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിൽ കൃത്യമായ പരിശീലനം നൽകും.
കമ്പ്യൂട്ടറുകളും ടാബ്ലെറ്റുകളും ക്ലാസ് മുറികളിൽ ആദ്യമായി എത്തിച്ച രാജ്യങ്ങളിലൊന്നാണ് നോർവേ. എന്നാൽ, ഈ സാങ്കേതിക മുന്നേറ്റം വിദ്യാർഥികൾ പുസ്തകങ്ങളെ ആശ്രയിക്കുന്നത് കുറയാൻ കാരണമായെന്ന് സർക്കാർ വിലയിരുത്തുന്നു. ഈ പ്രവണത തിരുത്തുന്നതിന്റെ ഭാഗമായി, ക്ലാസ് മുറികളിൽ പുസ്തകങ്ങൾ തിരിച്ചെത്തിക്കാൻ സർക്കാർ ധനസഹായം നൽകും. ഇതിനായി ഡിജിറ്റൽ ടാബ്ലെറ്റുകളുടെ ഉപയോഗം കുറയ്ക്കാനും പുതിയ നിയമനിർമ്മാണം നടത്താനും അധികൃതർ തീരുമാനിച്ചു.

