പി.വി സാമി പുരസ്‌കാരം കെ. മാധവന് സമ്മാനിച്ചു

പി.വി സാമി പുരസ്‌കാരം കെ. മാധവന് സമ്മാനിച്ചു

കോഴിക്കോട് : പി.വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ അതികായനുമായ കെ. മാധവന് സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം.

കെ. മാധവന്‍ വ്യവസായ, മാധ്യമ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്നും താന്‍ നിര്‍വഹിക്കുന്ന ഉത്തരവാദിത്വത്തില്‍ പൂര്‍ണമായി മുഴുകുമെന്നതാണ് മാധവന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ബാങ്കിങ് രംഗത്തുനിന്ന് മാധ്യമരംഗത്തെ അറിയപ്പെടുന്ന പേരുകളില്‍ ഒന്നായി കെ. മാധവന്‍ മാറിയത് ഒരു മലയാളി സംരഭകന്റെ തികഞ്ഞ പ്രതിഭയുടെ തെളിവാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമാക്കി മാറ്റാമെന്ന് പത്ത് വര്‍ഷം മുമ്പ് ആരും കരുതിയിയിരുന്നില്ല. എന്നാല്‍ അത് ഇപ്പോള്‍ യഥാര്‍ഥ്യമായെന്നും അതിന്റെ പുരോഗതി കേരളം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ഭരണം കൊണ്ട് കേരളത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കി മാറ്റാന്‍ കഴിഞ്ഞു. കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമം വഴി രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.വി സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി
കെ. മാധവനെ പൊന്നാട അണിയിച്ചു. കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. എം.വി ശ്രേയാംസ്‌കുമാര്‍ ചെയര്‍മാനും ഡോ. സികെ രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

administrator

Related Articles