എക്സ് കോർപ്പ് തങ്ങളുടെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി തികച്ചും സ്വകാര്യതയിൽ ഊന്നിയുള്ള പുതിയ സന്ദേശമയയ്ക്കൽ ആപ്പായ ‘എക്സ് ചാറ്റ്’ പുറത്തിറക്കി. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ആപ്പിൽ പരസ്യങ്ങളോ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്ന ട്രാക്കിംഗ് സംവിധാനങ്ങളോ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള എക്സ് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന ഈ ആപ്പ്, പുതിയ കോൺടാക്റ്റ് ലിസ്റ്റുകൾ നിർമ്മിക്കാതെ തന്നെ സുഹൃത്തുക്കളുമായി സുരക്ഷിതമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് എക്സ് ചാറ്റിനെ മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സന്ദേശങ്ങൾ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും വായിക്കാൻ കഴിയാത്ത വിധത്തിലുള്ള പരിരക്ഷയ്ക്ക് പുറമെ, സുരക്ഷയുടെ ഭാഗമായി സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയാനുള്ള സംവിധാനവും ഇതിലുണ്ട്. അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതിനൊപ്പം നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിംഗ്’ ഫീച്ചറും വലിയ ഫയലുകൾ പങ്കുവെക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.

