ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള ഭീമന്മാരും കടുത്ത ബിസിനസ്സ് എതിരാളികളുമായ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാനും, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയിയും തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിക്കുന്നു. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ജൈവായുധങ്ങൾ നിർമ്മിക്കുന്നത് തടയാൻ കർശനമായ രാജ്യാന്തര നിയമങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇരുവരും അമേരിക്കൻ കോൺഗ്രസിന് സംയുക്തമായി തുറന്ന കത്തയച്ചു. ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റ് എഐ മേധാവി മുസ്തഫ സുലൈമാൻ എന്നിവരും ഈ സംയുക്ത നീക്കത്തിൽ പങ്കാളികളാണ്.
സിന്തറ്റിക് ഡിഎൻഎ, ആർഎൻഎ എന്നിവ ഓർഡർ ചെയ്യുന്നവരുടെ വിവരങ്ങളും അവയുടെ വിതരണവും കർശനമായി നിരീക്ഷിക്കാനും പരിശോധിക്കാനും നിയമപരമായ സംവിധാനം വേണമെന്നാണ് ടെക് തലവന്മാരും പ്രമുഖ ശാസ്ത്രജ്ഞരും കത്തിലൂടെ ആവശ്യപ്പെടുന്നത്. നിലവിലെ എഐ സംവിധാനങ്ങൾ ലബോറട്ടറി നടപടിക്രമങ്ങളെക്കുറിച്ചുള്ള സങ്കീർണ്ണമായ ചോദ്യങ്ങൾക്ക്, പിഎച്ച്ഡി തലത്തിലുള്ള വൈറോളജിസ്റ്റുകളേക്കാൾ മികച്ച രീതിയിൽ മറുപടി നൽകാൻ പ്രാപ്തമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ, മുൻകാലങ്ങളിൽ മാരകമായ വൈറസുകളും ജൈവായുധങ്ങളും നിർമ്മിക്കുന്നതിൽ വില്ലനായിരുന്ന ‘വിജ്ഞാനത്തിന്റെ പരിമിതികൾ’ എഐ മൂലം ഇല്ലാതാകാൻ വലിയ സാധ്യതയുണ്ട്. ഇത് ദുഷ്ടബുദ്ധികൾ ചൂഷണം ചെയ്താൽ ഉണ്ടാകാനിടയുള്ള വൻ ദുരന്തം ഒഴിവാക്കാനാണ് ഈ അടിയന്തര ഇടപെടൽ.

