എഐ രംഗത്ത് വൻ പരീക്ഷണങ്ങളുമായി ജിയോ ഹോട്ട്സ്റ്റാർ

എഐ രംഗത്ത് വൻ പരീക്ഷണങ്ങളുമായി ജിയോ ഹോട്ട്സ്റ്റാർ

നി‍ർമ്മിത ബുദ്ധിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് ജിയോ ഹോട്ട്സ്റ്റാർ. പുതിയ എ.ഐ. വിഭാഗത്തിന് രൂപം നൽകിയ കമ്പനി, 75-ൽ അധികം തസ്തികകളിലേക്ക് നിയമന നടപടികൾ ആരംഭിച്ചു. ക്രിയേറ്റീവ് സിസ്റ്റംസ്, എഞ്ചിനീയറിംഗ്, പ്രൊഡക്ഷൻ, ഓട്ടോമേഷൻ, പ്ലാറ്റ്‌ഫോം ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് പുതിയ നിയമനങ്ങൾ.

സാധാരണ ടെക്‌നോളജി നിയമനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ‘വിഷൻസ്കേപ്പർ’, ‘നാരേറ്റീവ് സ്റ്റോറിയെല്ലിംഗ് ലീഡ്’, ‘ക്രിയേറ്റീവ് ടെക്നോളജിസ്റ്റ്’ തുടങ്ങിയ പുതുമയാർന്ന പദവികളിലേക്കാണ് കമ്പനി ആളുകളെ തേടുന്നത്. സാങ്കേതികവിദ്യയും കഥപറച്ചിലും ഒരേസമയം സമന്വയിപ്പിച്ച് വിനോദ മേഖലയുടെ അടിസ്ഥാന ഘടന തന്നെ മാറ്റാനാണ് കമ്പനിയുടെ ലക്ഷ്യം. എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച “മഹാഭാരത: ഏക ധർമ്മയുദ്ധം” എന്ന പരമ്പര കമ്പനിയുടെ ഈ രംഗത്തെ വലിയ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരമ്പരാഗത രീതികളെക്കാൾ മൂന്ന് മുതൽ അഞ്ച് മടങ്ങ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ ഈ എ.ഐ. അധിഷ്ഠിത സംവിധാനത്തിലൂടെ സാധിച്ചു. ആശയ രൂപീകരണം മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെയുള്ള ഘട്ടങ്ങൾ ഒരേസമയം നടന്നതാണ് ഈ വേഗതയ്ക്ക് വഴിയൊരുക്കിയത്.

ഉപഭോക്തൃ പെരുമാറ്റം മനസ്സിലാക്കി ഉള്ളടക്കം ഓപ്റ്റിമൈസ് ചെയ്യുന്നതിലും വരുമാന മാതൃകകൾ രൂപീകരിക്കുന്നതിലും എ.ഐ. നിർണ്ണായക പങ്ക് വഹിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിനുപുറമെ, മൾട്ടിലിംഗ്വൽ വോയിസ് സെർച്ച്, പ്രേക്ഷകരുടെ സാഹചര്യത്തിനും വികാരത്തിനും അനുസൃതമായി മാറുന്ന പരസ്യ സംവിധാനങ്ങൾ എന്നിവയും കമ്പനി വികസിപ്പിക്കുന്നുണ്ട്.

administrator

Related Articles