കണ്ടന്റ് ക്രിയേറ്റർമാർക്ക് ഓഫറുമായി മെറ്റ; മാസം 2.7 ലക്ഷം രൂപ വരെ വരുമാനം

കണ്ടന്റ് ക്രിയേറ്റർമാർക്ക് ഓഫറുമായി മെറ്റ; മാസം 2.7 ലക്ഷം രൂപ വരെ വരുമാനം

ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ ക്രിയേറ്റർമാരെ ഫേസ്ബുക്കിലേക്ക് ആകർഷിക്കുന്നതിനായി ‘ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്’ എന്ന പുതിയ പദ്ധതി മാർക്ക് സക്കർബർഗിന്റെ മെറ്റ പ്രഖ്യാപിച്ചു. നിലവിൽ മറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് മുൻഗണന നൽകുന്ന പ്രമുഖ ക്രിയേറ്റർമാരെ ഫേസ്ബുക്കിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് പ്രതിമാസം 2.7 ലക്ഷം രൂപ വരെ വരുമാനം നേടാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ഈ പദ്ധതിയിൽ പങ്കുചേരാൻ ക്രിയേറ്റർമാർക്ക് ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക് അല്ലെങ്കിൽ യൂട്യൂബ് എന്നിവയിൽ കുറഞ്ഞത് 20,000 ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് വരുമാനത്തിലും വർദ്ധനവുണ്ടാകും. ഒരു ലക്ഷം ഫോളോവേഴ്‌സുള്ളവർക്ക് പ്രതിമാസം ഏകദേശം 92,000 രൂപയും, 10 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്‌സുള്ളവർക്ക് 2.78 ലക്ഷം രൂപ വരെയും ലഭിക്കും. തുടക്കക്കാർക്ക് കുറഞ്ഞത് 9,300 രൂപ മുതൽ വരുമാനം ഉറപ്പാക്കുന്നുണ്ട്.

വെറുമൊരു അക്കൗണ്ട് സൃഷ്ടിക്കുന്നത് കൊണ്ട് മാത്രം ഈ ആനുകൂല്യം ലഭിക്കില്ല. കൃത്യമായ നിബന്ധനകൾ മെറ്റ മുന്നോട്ട് വെക്കുന്നുണ്ട്. ക്രിയേറ്റർമാർ 30 ദിവസത്തിനുള്ളിൽ കുറഞ്ഞത് 15 ഒറിജിനൽ റീലുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം. ഇവ 10 വ്യത്യസ്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കണമെന്നതും നിർബന്ധമാണ്. ഈ സാമ്പത്തിക പ്രോത്സാഹനം ആദ്യത്തെ മൂന്ന് മാസത്തേക്ക് മാത്രമാണ് ലഭിക്കുകയെങ്കിലും, അതിനുശേഷം ഫേസ്ബുക്കിന്റെ സ്ഥിരം വരുമാന പദ്ധതികളിൽ തുടരാൻ ക്രിയേറ്റർമാർക്ക് സാധിക്കും.

പല ക്രിയേറ്റർമാരും ഫേസ്ബുക്കിനെ പ്രധാന പ്ലാറ്റ്‌ഫോമായി കാണുന്നില്ലെന്ന് മാർക്ക് സക്കർബർഗ് തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, വരുമാനം കണ്ടെത്താൻ ഫേസ്ബുക്ക് വലിയ അവസരമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. 2025-ൽ മാത്രം മെറ്റ ഏകദേശം മൂന്ന് ബില്യൺ ഡോളർ ക്രിയേറ്റർമാർക്കായി നൽകിയിട്ടുണ്ട്. ഇതിൽ സിംഹഭാഗവും റീലുകൾ വഴിയാണ് വിതരണം ചെയ്തത്. ‘ക്വാളിഫൈഡ് വ്യൂസ്’ എന്ന പുതിയ സംവിധാനത്തിലൂടെ യഥാർത്ഥ വരുമാനത്തിന് അർഹമായ കാഴ്ചക്കാരെ തിരിച്ചറിയാനും മെറ്റ തയ്യാറെടുക്കുന്നു.

administrator

Related Articles