യാത്ര ചെയ്യുമ്പോഴും തിരക്കിനിടയിലും സുഖമായി ഒരു ശല്യവും ഇല്ലാതെ വാട്‌സ് ആപ്പ് കോളും വീഡിയോ കോളും ചെയ്യാന്‍ കഴിഞ്ഞാല്‍ അടിപൊളിയല്ലേ?. പുറത്തുനിന്നുള്ള ഒരു ശല്യവും കോളിനിടയില്‍ ശല്യപ്പെടുത്തില്ല എന്നര്‍ഥം. വാട്‌സ് ആപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കി സംഭാഷണം കൂടുതല്‍ വ്യക്തമാക്കാനായുള്ള നോയിസ് കാന്‍സലേഷന്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.26.14.1 ലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.വാട്‌സ്ആപ്പ് കോളുകള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ ഈ ഫീച്ചര്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷന്‍ കോളിംഗ് മെനുവില്‍ ഉണ്ട്. വാഹനങ്ങളുടെ ശബ്ദമോ കാറ്റോ തുടങ്ങി സംഭാഷണത്തിന് ശല്യമാകുന്ന എല്ലാ ശബ്ദത്തെയും ഫില്‍റ്റര്‍ ചെയ്ത് മാറ്റാന്‍ ഇതിന് കഴിയും.
വിളിക്കുന്ന രണ്ട് പേര്‍ക്കും വ്യക്തമായി കേള്‍ക്കണമെങ്കില്‍ രണ്ട് പേരും കോളിംഗ് മെനുവില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ഓപ്ഷന്‍ ഓണ്‍ ചെയ്യണം. ഒരാള്‍ മാത്രമേ ഇത് ഓണ്‍ ചെയ്തിട്ടുള്ളൂ എങ്കില്‍ മറുഭാഗത്തുള്ള വ്യക്തിക്ക് മാത്രമേ വ്യക്തമായി കേള്‍ക്കാന്‍ കഴിയുകയുള്ളൂ. മികച്ച ഓഡിയോ അനുഭവം ലഭിക്കാന്‍ കോള്‍ വിളിക്കുന്ന രണ്ട് പേരും നോയിസ് കാന്‍സലേഷന്‍ ഫീച്ചര്‍ ഓണ്‍ ചെയ്യേണ്ടതുണ്ട്.

