ഇൻസ്റ്റഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണല്ലേ. തങ്ങളുടെ ജോലിക്ക് ഇടയിൽ സമയം കണ്ടെത്തിയും മുഴുവൻ സമയം കണ്ടന്റ് ക്രിയേറ്റേഴ്‌സായും പ്രവർത്തിക്കുന്നവർ ഏറെയാണ്. കാണുമ്പോൾ എളുപ്പമുള്ള ജോലിയാണ് തോന്നുമെങ്കിലും, ഒരു വീഡിയോ ചിത്രീകരിക്കുന്നതിന് പിന്നിലെ ബുദ്ധിമുട്ട് വളരെ വലുതാണ്.
വീഡിയോ ചിത്രീകരിക്കുമ്പോൾ നിരന്തരം തെറ്റ് സംഭവിക്കുന്നതും ആവർത്തിച്ച് ചിത്രീകരിക്കേണ്ടി വരുന്നതും ഉപയോക്താക്കളെ മടുപ്പിക്കാറുണ്ട്. എന്നാൽ ഇതിനുപരിഹാരമായി ഒരു തകർപ്പൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാമിപ്പോൾ. റീൽസിന് വേണ്ടിയുള്ള ടെലിപ്രോംപ്റ്റർ ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ സ്ക്രിപ്റ്റ് സ്‌ക്രീനിൽ തെളിഞ്ഞ് വരും. ഇത് തെറ്റാതെ വളരെ എളുപ്പത്തിൽ വീഡിയോ ചിത്രീകരിക്കാൻ ക്രിയേറ്റേഴ്‌സിനെ സഹായിക്കും.

