ഗൂഗിളിന്റെ ആൻഡ്രോയിഡ് സുരക്ഷാ വിഭാഗം മുൻ ഡയറക്ടർ റെനി മെയ്‌ഹോഫർ കമ്പനിയിൽ നിന്ന് രാജിവെച്ചു. പെന്റഗണുമായുള്ള ഗൂഗിളിന്റെ നിർമിതബുദ്ധി (എഐ) കരാറിൽ പ്രതിഷേധിച്ചാണ് ഈ സുപ്രധാന രാജി. കമ്പനിയുടെ ധാർമ്മികമായ അടിത്തറ മാനേജ്‌മെന്റ് നഷ്ടപ്പെടുത്തിയെന്നും, യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈന്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പരോക്ഷമായി പോലും സഹകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഗിളിന്റെ ജെമിനി എഐ പെന്റഗണിന്റെ രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതാണ് മെയ്‌ഹോഫറിനെ ചൊടിപ്പിച്ചത്. സൈന്യത്തിന്റെ ഏതൊരു ‘നിയമപരമായ ആവശ്യത്തിനും’ ജെമിനി ഉപയോഗിക്കാമെന്ന വ്യവസ്ഥ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിർണായക തീരുമാനങ്ങൾ കമ്പനിക്കുള്ളിൽ ചർച്ച ചെയ്യാതെ ഉയർന്ന തലങ്ങളിൽ മാത്രം എടുക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തി. സാം ഓൾട്ട്മാന്റെ ഓപ്പൺ എഐയും ഇലോൺ മസ്‌കിന്റെ എക്‌സ്എഐയും സമാനമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
2019 വരെ ആൻഡ്രോയിഡ് സുരക്ഷാ ടീമിനെ നയിച്ച മെയ്‌ഹോഫർ, പിന്നീട് പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഗൂഗിളിനെ പെന്റഗൺ കരാറുകളിൽ നിന്ന് പിന്തിരിപ്പിക്കാൻ മുൻകൈ എടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മെയ്‌ഹോഫറിന് പുറമെ 560-ൽ അധികം ഗൂഗിൾ ജീവനക്കാരും ഈ വിഷയത്തിൽ കമ്പനിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ദോഷകരമായ രീതിയിൽ ഉപയോഗിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്ന തുറന്ന കത്തിൽ ഇവർ ഒപ്പുവെച്ചു. എന്നാൽ, ദേശീയ സുരക്ഷയെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന നിലപാടാണ് ഗൂഗിൾ ഔദ്യോഗികമായി സ്വീകരിച്ചത്.

