ഇന്‍റർനെറ്റ് സേവനത്തിൽ ഒന്നാം സ്ഥാനത്തെത്തി ബിഎസ്എൻഎൽ

ഇന്‍റർനെറ്റ് സേവനത്തിൽ ഒന്നാം സ്ഥാനത്തെത്തി ബിഎസ്എൻഎൽ

ഇന്ത്യൻ ടെലികോം വിപണിയിൽ വമ്പൻ തിരിച്ചുവരവ് നടത്തി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. 2026 സാമ്പത്തിക വർഷത്തിലെ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ് പ്രകടനത്തിൽ പ്രമുഖ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോയെയും എയർടെല്ലിനെയും ബിഎസ്എൻഎൽ മറികടന്നു. ഫ്രാൻസ് ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് പരിശോധനാ ഏജൻസിയായ എൻപെർഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ബിഎസ്എൻഎല്ലിന്റെ ഈ ചരിത്ര നേട്ടം വ്യക്തമാക്കുന്നത്.

ഉപയോക്താക്കളുടെ യഥാർത്ഥ അനുഭവം മുൻനിർത്തി തയ്യാറാക്കിയ എൻപെർഫ് ബാരോമീറ്റർ സ്കോറിൽ 89,174 പോയിന്‍റുകൾ നേടിയാണ് ബിഎസ്എൻഎൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന കമ്പനി, സേവന നിലവാരത്തിൽ വരുത്തിയ വൻ പുരോഗതിയാണ് ഈ മുന്നേറ്റത്തിന് കാരണമായത്. അതേസമയം, സ്വകാര്യ ടെലികോം ഭീമന്മാരായ എയർടെൽ 74,975 പോയിന്‍റും ജിയോ 73,957 പോയിന്‍റും നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലായി.

വിപണി വിഹിതത്തിന്റെ കാര്യത്തിൽ ഇപ്പോഴും മൂന്നാം സ്ഥാനത്താണെങ്കിലും, ഇന്‍റർനെറ്റ് കണക്ഷനുകളുടെ ഗുണമേന്മയിലും സ്ഥിരതയിലും ബിഎസ്എൻഎൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫൈബർ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൽ എല്ലാ കമ്പനികളും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള യൂസർ എക്സ്പീരിയൻസിൽ ബിഎസ്എൻഎൽ മുൻതൂക്കം നേടി. ഇന്ത്യയിലെ ഫിക്സഡ്-ലൈൻ വിപണി കൂടുതൽ കരുത്താർജ്ജിക്കുന്നതിന്റെ സൂചനയാണിതെന്ന് എൻപെർഫ് അധികൃതർ നിരീക്ഷിച്ചു.

എന്നാൽ, ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ എയർടെല്ലാണ് മുന്നിൽ നിൽക്കുന്നത്. 241.72 Mbps വേഗതയുമായി എയർടെൽ ഒന്നാം സ്ഥാനത്തും 225.18 Mbps വേഗതയിൽ ജിയോ രണ്ടാം സ്ഥാനത്തുമെത്തി. ബിഎസ്എൻഎൽ 198.54 Mbps വേഗതയാണ് രേഖപ്പെടുത്തിയത്. വേഗതയിൽ നേരിയ കുറവുണ്ടെങ്കിലും, കണക്ഷൻ ലഭ്യത, അപ്‌ലോഡ് വേഗത തുടങ്ങിയ മറ്റ് ഘടകങ്ങളിലെ മികച്ച പ്രകടനമാണ് ബിഎസ്എൻഎല്ലിനെ സ്കോർ പട്ടികയിൽ ഒന്നാമതെത്തിച്ചത്.

administrator

Related Articles