ഫോൾഡബിൾ വിപ്ലവത്തിനൊരുങ്ങി ആപ്പിൾ

ഫോൾഡബിൾ വിപ്ലവത്തിനൊരുങ്ങി ആപ്പിൾ

ആപ്പിളിന്റെ കന്നി ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഐഫോൺ അൾട്ര എന്ന പേരിൽ വിപണിയിലെത്താനൊരുങ്ങുന്നു. ഒരു ഐപാഡ് മിനിയുടെ വലിപ്പമുള്ള ബുക്ക്-സ്റ്റൈൽ ഡിസൈനിലാകും ഈ ഫോൺ എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൈറ്റാനിയം ബോഡിയും മടക്കുകൾ ദൃശ്യമാകാത്ത ക്രീസ്-ഫ്രീ ഡിസ്‌പ്ലേയുമാണ് ഇതിന്റെ പ്രധാന ആകർഷണം. ഫോൺ മടക്കുമ്പോൾ 5.5 ഇഞ്ച് വലിപ്പമുള്ള ചെറിയ സ്‌ക്രീനായും തുറക്കുമ്പോൾ 7.8 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്‌പ്ലേയായും ഇത് മാറും. ഐഫോൺ മിനിയുടെയും ഐപാഡ് മിനിയുടെയും ഒരു സങ്കരരൂപമായിരിക്കും ഈ പുതിയ അൾട്ര മോഡൽ.

സാങ്കേതിക മികവിന്റെ കാര്യത്തിലും ഐഫോൺ അൾട്ര പിന്നിലല്ല. ആപ്പിളിന്റെ ഏറ്റവും പുതിയ എ20 പ്രോ ചിപ്പും സി2 സെല്ലുലാർ മോഡവുമാകും ഇതിന് കരുത്ത് പകരുക. 12 ജിബി റാം കരുത്തുള്ള ഈ ഫോൺ ഐഒഎസ് 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവർത്തിക്കുക. മൾട്ടി-ടാസ്‌കിംഗിന് മുൻഗണന നൽകുന്ന സോഫ്റ്റ്‌വെയർ ലേഔട്ട് ആയിരിക്കും ഇതിലുണ്ടാവുക. സുരക്ഷയ്ക്കായി ഫേസ് ഐഡിക്ക് പകരം പവർ ബട്ടണിൽ ഘടിപ്പിച്ച ടച്ച് ഐഡി സെൻസർ ആയിരിക്കും ഈ ഫോൾഡബിൾ ഫോണിൽ ആപ്പിൾ നൽകാൻ സാധ്യത.

ക്യാമറ വിഭാഗത്തിൽ 48 മെഗാപിക്സലിന്റെ മെയിൻ സെൻസറും 48 മെഗാപിക്സലിന്റെ തന്നെ അൾട്രാ വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് പ്രതീക്ഷിക്കുന്നത്. സെൽഫികൾക്കായി ഇരു ഡിസ്‌പ്ലേകളിലും 18 മെഗാപിക്സലിന്റെ ഹോൾ-പഞ്ച് ക്യാമറകൾ ഉണ്ടാകും. എന്നാൽ സൂം ഫീച്ചറുകൾക്കായി ടെലിഫോട്ടോ ലെൻസ് ഈ മോഡലിൽ ഉൾപ്പെടുത്തിയേക്കില്ല. ഐഫോൺ 18 സീരീസിനൊപ്പം വിപണിയിലെത്തുമെന്ന് കരുതുന്ന ഈ ഫോൺ സ്മാർട്ട്‌ഫോൺ ലോകത്തെ ഏറ്റവും വിലകൂടിയ ഐഫോണുകളിൽ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തൽ.

administrator

Related Articles