രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് തിരിച്ചടിയായി 84 ദിവസത്തെ റീചാർജ് പ്ലാനിന്റെ വില ഭാരതി എയർടെൽ വർദ്ധിപ്പിച്ചു. ദിവസവും 1.5 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനിന് നേരത്തെ 859 രൂപയായിരുന്നു വിലയെങ്കിൽ, ഇപ്പോൾ അത് 899 രൂപയായി ഉയർത്തി. ഇതിന് മുൻപ് ഗ്ലോബൽ ഇന്റർനാഷണൽ റോമിംഗ് പാക്കുകളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വരുത്തിയ വില വർദ്ധനവിന് പിന്നാലെയാണ് എയർടെൽ ഇപ്പോൾ പ്രീപെയ്ഡ് നിരക്കുകളിലും മാറ്റം വരുത്തിയിരിക്കുന്നത്.
പുതുക്കിയ 899 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസും 84 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാണ്. പ്രതിദിന ഡാറ്റാ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. അധിക ആനുകൂല്യങ്ങളായി 12 മാസത്തേക്ക് അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോട്യൂൺസ്, എയർടെൽ സ്പാം അലേർട്ടുകൾ എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും.
വില വർദ്ധനവിനൊപ്പം പ്ലാനിലെ ചില ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനും കമ്പനി തയ്യാറായിട്ടുണ്ട്. നേരത്തെ 859 രൂപയുടെ പ്ലാനിനൊപ്പം ലഭിച്ചിരുന്ന റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ പുതിയ പ്ലാനിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ശരാശരി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെയും ഉപഭോക്താക്കളെ 5ജി സേവനങ്ങളിലേക്ക് ആകർഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

