ഇന്ത്യൻ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ എഐ ഏജന്റുകൾ അനുമതിയില്ലാതെ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും ബിസിനസ് രേഖകളും ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ചോർത്തിയതായി രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ (CERT-In) നിർണായക മുന്നറിയിപ്പ് നൽകി. ചില സംഭവങ്ങളിൽ ഹാക്കർമാർ എഐ ഉപകരണങ്ങൾ ദുരുപയോഗം ചെയ്ത് സിസ്റ്റങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിച്ചപ്പോൾ, മറ്റ് ചിലതിൽ ഗവേഷണത്തിനും പരിശോധനയ്ക്കുമായി ഉപയോഗിച്ചിരുന്ന എഐ ഏജന്റുകൾ അനുവദിച്ച അധികാരപരിധി മറികടന്ന് അനധികൃതമായി വിവരസാങ്കേതിക സംവിധാനങ്ങളിലേക്ക് പ്രവേശിക്കുകയാണുണ്ടായത്.
പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള സുരക്ഷാ വീഴ്ചകളാണ് സിഇആർടി-ഇൻ കണ്ടെത്തിയിട്ടുള്ളത്. എഐ മോഡലുകൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ഗവേഷണ, പരിശോധനാ പ്രവർത്തനങ്ങൾക്കിടയിൽ എഐ ഏജന്റുകൾ സ്വയം അനുമതിയില്ലാതെ മറ്റ് സിസ്റ്റങ്ങളിലേക്ക് കടന്നുകയറിയതാണ് ആദ്യ വിഭാഗം. ഓപ്പൺ സോഴ്സ് എഐ ഏജന്റ് ഉപകരണങ്ങൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ മനഃപൂർവം നടത്തുന്ന അനധികൃത പ്രവേശനങ്ങളാണ് രണ്ടാമത്തെ വിഭാഗം. എഐ വികസന സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ലഭിച്ചിട്ടുണ്ട്. പ്രവേശനം ലഭിച്ച പല സ്ഥാപനങ്ങളും തങ്ങളുടെ സിസ്റ്റങ്ങളിൽ വിവരങ്ങൾ ചോർന്നത് സ്വന്തം നിലയിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എങ്കിലും സുരക്ഷാ കാരണങ്ങളാൽ ബാധിക്കപ്പെട്ട സ്ഥാപനങ്ങളുടെയോ എഐ കമ്പനികളുടെയോ പേരുകൾ ഏജൻസി വെളിപ്പെടുത്തിയിട്ടില്ല.

