എഐയെ ബാങ്കിം​ഗ് പഠിപ്പിക്കാൻ ആളെത്തേടി ഓപ്പൺ എഐ

എഐയെ ബാങ്കിം​ഗ് പഠിപ്പിക്കാൻ ആളെത്തേടി ഓപ്പൺ എഐ

ഓപ്പൺഎഐ തങ്ങളുടെ അപ്ലൈഡ് എഐ ടീമിലേക്ക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പ്രൊഫഷണലുകളെ തേടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പ്രതിവർഷം 1,85,000 ഡോളർ മുതൽ 2,05,000 ഡോളർ വരെയാണ് (ഏകദേശം 1.7 കോടി മുതൽ 1.9 കോടി ഇന്ത്യൻ രൂപ വരെ) കമ്പനി ശമ്പളവും ഓഹരികളുമായി വാഗ്ദാനം ചെയ്യുന്നത്. ഓപ്പൺഎഐയുടെ നിർമ്മിതബുദ്ധി സിസ്റ്റങ്ങളെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയിലെ സങ്കീർണ്ണമായ പണികൾ പഠിപ്പിക്കുക എന്നതാണ് ഈ വിദഗ്ദ്ധന്റെ പ്രധാന ചുമതല. പരിശീലനം പൂർത്തിയാകുന്നതോടെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ ദിവസേന ചെയ്യുന്ന ഭൂരിഭാഗം ജോലികളും എഐ സ്വയം ഏറ്റെടുത്ത് ചെയ്യും.

കമ്പനി-ഇൻഡസ്ട്രി റിസർച്ച്, ഫിനാൻഷ്യൽ അനാലിസിസ്, വാല്യുവേഷൻ, ഡീൽ എക്‌സിക്യൂഷൻ, ക്ലയന്റ് പ്രസന്റേഷനുകൾ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ എങ്കിലും പ്രായോഗിക ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പരിചയമുള്ളവരെയാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ എങ്ങനെയാണ് ഫിനാൻഷ്യൽ ഡാറ്റകൾ അപഗ്രഥിക്കുന്നത് എന്ന് എഐ മോഡലുകളെ മനസ്സിലാക്കിക്കാൻ ഇവർ സഹായിക്കണം. കൂടാതെ, എഐ നൽകുന്ന സാമ്പത്തിക വിവരങ്ങളുടെ കൃത്യത പരിശോധിക്കുക, ബാങ്കിങ് മേഖലയിലെ പ്രൊഫഷണലുകൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്കവണ്ണമുള്ള പുത്തൻ എഐ ടൂളുകൾ വികസിപ്പിക്കാൻ കമ്പനിയുടെ എഞ്ചിനീയറിങ് ടീമിനെ സഹായിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. എന്നാൽ, എഐ പൂർണ്ണമായും ബാങ്കിങ് പഠിച്ചുകഴിഞ്ഞാൽ ഈ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ കമ്പനി നിലനിർത്തുമോ അതോ പിരിച്ചുവിടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സാങ്കേതികവിദ്യ വികസിക്കുന്നതോടെ ഇത്തരം തസ്തികകളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

administrator

Related Articles