താരസംഘടനയായ ‘അമ്മ’യിൽ നിന്ന് താൻ നേരിട്ട കടുത്ത മാനസിക പീഡനങ്ങളെയും വേട്ടയാടലുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി അൻസിബ ഹസൻ വീണ്ടും രംഗത്ത്. തന്നെ ‘ജിഹാദി’യാക്കി ചിത്രീകരിക്കാൻ ഒരു ജനപ്രതിനിധി അടക്കമുള്ളവർ കൂട്ടുനിന്നുവെന്നും, തനിക്കും തന്റെ കുടുംബത്തിനും നേരെ ക്രൂരമായ സ്വഭാവഹത്യയാണ് നടക്കുന്നതെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു. ചാരുകസേരയിൽ ഇരുന്ന് മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ തന്നെ ക്രൂരമായി തേജോവധം ചെയ്തതായും, ഒടുവിൽ തന്റെ ജീവന് തന്നെ ഭീഷണിയുള്ള സാഹചര്യത്തിലാണ് നീതി തേടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പുതിയ പരാതി നൽകിയതെന്നും അൻസിബ വ്യക്തമാക്കി.
തന്റെ ഓരോ തരിയിലും കത്തിയെരിയുന്ന വേദനയോടെയാണ് ഈ കുറിപ്പെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അൻസിബ പ്രതികരിച്ചത്. തന്നെ ആദ്യം ‘മേത്തച്ചി’യെന്നും പിന്നീട് ‘ജിഹാദി’യെന്നും വിളിച്ച് മതപരിവർത്തനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചതായി താരം പറയുന്നു. എന്നാൽ ഇത്രയൊക്കെ വേട്ടയാടിയിട്ടും, തന്നെ ഒറ്റപ്പെടുത്തിയ ആ ജനപ്രതിനിധിയുടെ മകൻ ‘തളരരുത്’ എന്ന് പറഞ്ഞ് തനിക്ക് അയച്ച സന്ദേശം മാത്രം ബാക്കിയുണ്ടെന്ന് അൻസിബ കുറിച്ചു. ലക്ഷങ്ങൾ ഒഴുക്കി വലിയ പിആർ ഏജൻസികളെ വെച്ചാണ് തനിക്കെതിരെ ചിലർ ഗൂഢാലോചന മെനയുന്നത്. തന്റെ രണ്ടാനച്ഛന്റെ പേര് വരെ ഇതിലേക്ക് വലിച്ചിഴച്ചതായും കൂടെപ്പിറന്ന നാല് സഹോദരങ്ങളെയും സുഹൃത്തുക്കളെയും പോലും വേട്ടക്കാർ വെറുതെ വിടുന്നില്ലെന്നും അൻസിബ ആരോപിക്കുന്നു.

