ദുരിതബാധിതർക്ക് സൗജന്യ ഇന്റർനെറ്റ് പ്രഖ്യാപിച്ച് എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്

ദുരിതബാധിതർക്ക് സൗജന്യ ഇന്റർനെറ്റ് പ്രഖ്യാപിച്ച് എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്

വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിന് പിന്നാലെ ദുരിതബാധിതർക്ക് സഹായവുമായി എലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക്. ദുരന്തത്തിൽ കടുത്ത ആശയവിനിമയ തടസ്സം നേരിടുന്ന വെനിസ്വേലയിലെ ജനങ്ങൾക്ക് ഒരു മാസത്തെ ഇന്റർനെറ്റ് സേവനം തികച്ചും സൗജന്യമായി നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂകമ്പത്തിൽ കടുത്ത നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ആക്‌സസ് അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനായി കൂടുതൽ സ്റ്റാർലിങ്ക് ടെർമിനലുകൾ അതിവേഗത്തിൽ വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.

ജൂലൈ 25 വരെയുള്ള കാലയളവിലാണ് സ്റ്റാർലിങ്ക് ഈ സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സജീവ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കമ്പനി ഇതിനോടകം തന്നെ ക്രെഡിറ്റുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. മുൻപ് സേവനം റദ്ദാക്കിയ ഉപഭോക്താക്കൾക്കും അക്കൗണ്ട് വീണ്ടും സജീവമാക്കാനും കണക്റ്റുചെയ്യാനും ഈ ആനുകൂല്യം ലഭ്യമാകും. ദുരന്തബാധിത പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾ സ്റ്റാർലിങ്ക് വാങ്ങിയ ശേഷം കമ്പനിയുടെ സപ്പോർട്ട് ടീമുമായി ബന്ധപ്പെട്ടാൽ ജൂലൈ 25 വരെ സൗജന്യ സേവനം ആസ്വദിക്കാമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വെനിസ്വേലയുടെ കരീബിയൻ തീരത്തിന് സമീപം 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് സമീപമുള്ള പ്രദേശങ്ങളിൽ ഈ ഇരട്ട ഭൂകമ്പങ്ങൾ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ദുരന്തത്തിൽ ഇതുവരെ കുറഞ്ഞത് 235 പേർ മരണപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്.

administrator

Related Articles