ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത ഡിസൈൻ പ്ലാറ്റ്ഫോമായ പിക്സാർട്ട് ക്രിയേറ്റർമാർക്കായി പുതിയ മോണിറ്റൈസേഷൻ പ്രോഗ്രാം ആരംഭിച്ചു. ഇൻവൈറ്റ് ലിസ്റ്റുകളോ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ നിബന്ധനകളോ ഇല്ലാതെ എല്ലാ ക്രിയേറ്റർമാർക്കും പണം സമ്പാദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പിക്സാർട്ട് ടൂളുകൾ ഉപയോഗിച്ച് ഒറിജിനൽ കണ്ടൻ്റ് നിർമ്മിക്കുകയും അവ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുകയും ചെയ്യുന്നതിലൂടെയാണ് വരുമാനം ലഭിക്കുക. ഫോളോവേഴ്സ്‌സിൻ്റെ എണ്ണത്തേക്കാൾ ഉപരിയായി ക്രിയേറ്റീവ് ഔട്ട്പുട്ടിനും പ്രകടനത്തിനുമാണ് ഈ പ്രോഗ്രാം മുൻഗണന നൽകുന്നത്. ഇതോടെ ഒരു ക്രിയേറ്റീവ് ടൂൾ എന്നതിനപ്പുറം ക്രിയേറ്റർമാർക്ക് വരുമാനം നൽകുന്ന ഒരു പ്ലാറ്റ്ഫോമായി പിക്‌സാർട്ട് മാറുകയാണ്.
പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്ന ക്രിയേറ്റർമാർക്ക് നിലവിലുള്ള ചലഞ്ചുകളും ക്യാമ്പയിനുകളും പരിശോധിക്കാൻ പ്രത്യേക ഡാഷ്‌ബോർഡ് ലഭ്യമാകും. ഉദാഹരണത്തിന്, പിക്‌സാർട്ടിൻ്റെ എ ഐ അസിസ്റ്റന്റായ ഔറ ഉപയോഗിച്ച് ആനിമേറ്റഡ് ചിത്രങ്ങളോ വീഡിയോകളോ നിർമ്മിക്കാനുള്ള ക്യാമ്പയിനുകൾ ഇതിൽ ഉൾപ്പെടാം. എന്നാൽ എ ഐ ഉപയോഗിച്ച് മാത്രം സൃഷ്ടിക്കുന്ന ചിത്രങ്ങൾക്ക് കാര്യമായ വരുമാനം ലഭിക്കില്ലെന്നും ക്രിയേറ്റീവ് ആയ ഇടപെടലുകൾ അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

