സ്മാർട്ട് ടിവികളിൽ സൗജന്യ ചാനൽ കാണുന്നവർക്ക് നിയന്ത്രണവുമായി ട്രായ്

സ്മാർട്ട് ടിവികളിൽ സൗജന്യ ചാനൽ കാണുന്നവർക്ക് നിയന്ത്രണവുമായി ട്രായ്

സാംസങ്, എൽജി, ഷവോമി തുടങ്ങിയ സ്മാർട്ട് ടിവികളിൽ ഇന്‍റർനെറ്റ് വഴി സൗജന്യമായി ലഭിക്കുന്ന ചാനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഒരുങ്ങുന്നു. കേബിൾ അല്ലെങ്കിൽ ഡിടിഎച്ച് കണക്ഷനുകൾക്ക് പകരമായി സ്മാർട്ട് ടിവികളിലെ ‘ഫാസ്റ്റ്’ (FAST) പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന ചാനലുകളെ നിയന്ത്രിക്കുന്നതിനായി ഒരു കൺസൾട്ടേഷൻ പേപ്പർ ട്രായ് പുറത്തിറക്കി. ഇവയെ ‘ആപ്ലിക്കേഷൻ ബേസ്‌ഡ് ലീനിയർ ടെലിവിഷൻ ഡിസ്ട്രിബ്യൂഷൻ’ (ALTD) എന്ന വിഭാഗത്തിലേക്ക് മാറ്റി പുതിയ ചട്ടക്കൂട് രൂപീകരിക്കാനാണ് തീരുമാനം.

വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. നിലവിൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ടിവികളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ വഴി ഏകദേശം 150-ഓളം ചാനലുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നുണ്ട്. പരസ്യ വരുമാനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇത്തരം സേവനങ്ങൾ പരമ്പരാഗത കേബിൾ, ഡിടിഎച്ച് സേവനങ്ങളെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.

കണക്റ്റഡ് ടിവി, സ്മാർട്ട് ഫോണുകൾ എന്നിവ വഴി ലഭ്യമാകുന്ന ഈ സേവനങ്ങളിൽ ഉള്ളടക്ക ഉത്തരവാദിത്തം, ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്ന് ട്രായ് വിലയിരുത്തുന്നു. പണമടച്ച് കാണേണ്ട ചാനലുകൾ ചില പ്ലാറ്റ്‌ഫോമുകളിൽ സൗജന്യമായി നൽകുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ടിവി റേറ്റിംഗ് സംവിധാനത്തിൽ ഇത്തരം ഓൺലൈൻ കാഴ്ചക്കാരെ കൂടി ഉൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ട്രായ് ഉന്നയിക്കുന്നു.

പുതിയ ചട്ടക്കൂട് സംബന്ധിച്ച് വിവിധ മേഖലകളിലുള്ളവരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിരിക്കുകയാണ് ട്രായ്. 2026 മെയ് നാലിനകം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം ലഭിക്കുന്ന മറുപടികളുടെ അടിസ്ഥാനത്തിലായിരിക്കും സ്മാർട്ട് ടിവികളിലെ സൗജന്യ ചാനലുകളുടെ ഭാവി നിശ്ചയിക്കുന്ന അന്തിമ ഉത്തരവ് പുറത്തിറങ്ങുക. മെയ് 18-നകം ബന്ധപ്പെട്ടവർക്ക് മറുപടി നൽകാനുള്ള അവസരവും ട്രായ് നൽകിയിട്ടുണ്ട്.

administrator

Related Articles