തമിഴ് യുവതാരം കെൻ കരുണാസ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി അരങ്ങേറ്റം കുറിച്ച ‘യൂത്ത്‘ തിയേറ്ററുകളിൽ വലിയ തരംഗമായി മാറുകയാണ്. പ്രശസ്ത തമിഴ് നടൻ കരുണാസിന്റെ മകനായ കെൻ ഒരുക്കിയ ഈ സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമയ്ക്ക് ബോക്സ് ഓഫീസിൽ നിന്ന് ബ്ലോക്ക്ബസ്റ്റർ വിജയമാണ് ലഭിച്ചത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രം, മാർച്ച് 19-ന് വലിയ സിനിമകൾക്കൊപ്പം റിലീസ് ചെയ്തിട്ടും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. നിലവിൽ ആഗോളതലത്തിൽ 68 കോടി രൂപ കളക്ഷൻ നേടി ഒരു യുവതാര ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ‘യൂത്ത്’ സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച അച്ഛൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരാജും കെനും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയാണ് സിനിമയുടെ പ്രധാന ആകർഷണമായി മാറിയത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനങ്ങൾ ഇതിനോടകം തന്നെ ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം പാർവത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കറുപ്പയ്യ സി. റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

