ഒറാക്കിളിൽ നേതൃമാറ്റവും കൂട്ടപ്പിരിച്ചുവിടലും

ഒറാക്കിളിൽ നേതൃമാറ്റവും കൂട്ടപ്പിരിച്ചുവിടലും

ആഗോള സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിളിൽ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾക്ക് പിന്നാലെ പുതിയ നേതൃമാറ്റം. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ, ഹിലാരി മാക്‌സണെ കമ്പനിയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) നിയമിച്ചു. ശ്നൈഡർ ഇലക്ട്രിക്കിൽ ഗ്രൂപ്പ് സിഎഫ്ഒ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള മാക്‌സൺ, ഐടി മേഖലയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഒറാക്കിളിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് എത്തുന്നത്. കഴിഞ്ഞ ആറുമാസമായി ഈ ചുമതല വഹിച്ചിരുന്ന ഡഗ് കെഹ്രിംഗ് കമ്പനിയുടെ ഗോ-ടു-മാർക്കറ്റ് വിഭാഗത്തിലേക്ക് മാറും.

മാർച്ച് 31-ന് അയച്ച ഇമെയിലിലൂടെയാണ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്ന വിവരം കമ്പനി അറിയിച്ചത്. ഒറാക്കിളിന്റെ നിലവിലെ ബിസിനസ് ആവശ്യങ്ങൾ പരിഗണിച്ചുള്ള സംഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഇമെയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇത് പിരിച്ചുവിടലുകളുടെ തുടക്കം മാത്രമാണെന്നും വരും മാസങ്ങളിൽ ഏകദേശം 30,000 പേർക്ക് വരെ ജോലി നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കടന്നുകയറ്റം മൂലം മനുഷ്യവിഭവശേഷി കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതായാണ് സൂചന.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖരോട് മത്സരിക്കാനൊരുങ്ങുന്ന ഒറാക്കിൾ, വലിയ തോതിലുള്ള ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളാണ് നടത്തുന്നത്. സാം ആൾട്ട്മാന്റെ ഓപ്പൺ എഐ പോലുള്ള വമ്പൻ ഉപഭോക്താക്കൾക്കായി എഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി കമ്പനി കനത്ത കടബാധ്യത ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ സിഎഫ്ഒയുടെ നിയമനം. ഏകദേശം 9.5 ലക്ഷം ഡോളർ അടിസ്ഥാന ശമ്പളത്തിലാണ് ഹിലാരി മാക്‌സൺ ഈ വെല്ലുവിളി നിറഞ്ഞ ചുമതല ഏറ്റെടുക്കുന്നത്.

administrator

Related Articles