റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ റിയൽമി 16 5G ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. നിരവധി നൂതന സവിശേഷതകളുമായി എത്തുന്ന ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണം 7000mAh ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ്. കൂടാതെ, സ്മാർട്ട്‌ഫോൺ രംഗത്ത് ആദ്യമായി പിൻക്യാമറ ഉപയോഗിക്കുമ്പോൾ സെൽഫികൾ കൃത്യമായി ഫ്രെയിം ചെയ്യാൻ സഹായിക്കുന്ന ‘റിയർ സെൽഫി മിറർ’ സംവിധാനവും ഇതിലുണ്ട്. 31,999 മുതൽ വില ആരംഭിക്കുന്ന ഈ ഹാൻഡ്‌സെറ്റ് എയർ വൈറ്റ്, എയർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, റിയൽമി വെബ്‌സൈറ്റ് എന്നിവയിലൂടെയും പ്രമുഖ ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഉപഭോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം.
ക്യാമറയുടെ കാര്യത്തിൽ വമ്പൻ അഴിച്ചുപണികളാണ് റിയൽമി നടത്തിയിരിക്കുന്നത്. 50MP സെൽഫി ക്യാമറയ്‌ക്കൊപ്പം സോണി IMX852 സെൻസർ ഉപയോഗിക്കുന്ന 50MP പിൻക്യാമറയും ഇതിലുണ്ട്. മികച്ച പോർട്രെയ്‌റ്റ് ചിത്രങ്ങൾക്കായി എഐ സാങ്കേതികവിദ്യയുടെ സഹായവും ഇതിൽ ലഭ്യമാണ്. “സേ ഹായ്” ജെസ്റ്റർ റെക്കഗ്നിഷൻ, വോയ്‌സ് കൗണ്ട്‌ഡൗൺ, എഐ എഡിറ്റിംഗ് ടൂളുകൾ എന്നിവ ഫോട്ടോഗ്രാഫി ലളിതമാക്കുന്നു. വീഡിയോ ക്രിയേറ്റർമാർക്കായി ദൃശ്യങ്ങളിലെ ഹൈലൈറ്റുകൾ സ്വയമേവ തിരഞ്ഞെടുക്കുന്ന ‘AI ഇൻസ്റ്റന്റ് ക്ലിപ്പ്’ ഫീച്ചറും റിയൽമി ഉൾപ്പെടുത്തിയിട്ടുണ്ട്. 6.57 ഇഞ്ച് കോംപാക്റ്റ് ഡിസ്‌പ്ലേയും കണ്ണഞ്ചിപ്പിക്കുന്ന ‘ഗ്ലീമിംഗ് വിംഗ്സ്’ ഡിസൈനും ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു.

