മണിക്കൂറുകളോളം നിശ്ചലമായി ‘ഡീപ്‌സീക്ക്’

മണിക്കൂറുകളോളം നിശ്ചലമായി ‘ഡീപ്‌സീക്ക്’

ചൈനയിലെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ഡീപ്‌സീക്ക് സാങ്കേതിക തടസ്സത്തെത്തുടർന്ന് മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. ഞായറാഴ്ച (മാർച്ച് 29) രാത്രി ഒൻപതരയോടെ ആരംഭിച്ച തകരാർ ചൈനയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ബാധിച്ചത്. വെബ്‌സൈറ്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ പ്ലാറ്റ്‌ഫോമിൽ നിരവധി പരാതികൾ ഉയർന്നതോടെയാണ് കമ്പനി പ്രശ്നം സ്ഥിരീകരിച്ചത്. രാത്രി 9:35 ഓടെ തകരാർ കണ്ടെത്തിയതായും സിസ്റ്റം സ്റ്റാറ്റസ് പേജിലൂടെ ഡീപ്‌സീക്ക് അറിയിച്ചു.

തകരാർ പരിഹരിച്ചതായി കമ്പനി ആദ്യം അവകാശപ്പെട്ടെങ്കിലും, തിങ്കളാഴ്ച രാവിലെ വരെ സേവനങ്ങളിൽ തടസ്സം നേരിട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ 9:13 ഓടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചതായും സിസ്റ്റം സാധാരണ നിലയിലായതായും കമ്പനി വ്യക്തമാക്കി. എന്നാൽ ഇത്രയും വലിയൊരു തകരാർ സംഭവിക്കാനുള്ള കൃത്യമായ കാരണം വെളിപ്പെടുത്താൻ ഡീപ്‌സീക്ക് തയ്യാറായിട്ടില്ല. 2025 ജനുവരിയിൽ ആർ വൺ (R1) മോഡൽ പുറത്തിറക്കിയ ശേഷം ഇതാദ്യമായാണ് ഇത്രയും നീണ്ട സമയം പ്ലാറ്റ്‌ഫോം നിശ്ചലമാകുന്നത്.

ആലിബാബ, ബൈറ്റ്ഡാൻസ് തുടങ്ങിയ എതിരാളികൾ പുതിയ എഐ മോഡലുകൾ വിപണിയിലിറക്കുന്ന പശ്ചാത്തലത്തിൽ, ഡീപ്‌സീക്കിന്റെ അടുത്ത വലിയ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലായിരുന്നു ഉപയോക്താക്കൾ. പുതിയ പതിപ്പ് പുറത്തിറക്കുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണങ്ങളാണോ ഈ തകരാറിന് പിന്നിലെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും സജീവമാണ്. ഭാവി പദ്ധതികളെക്കുറിച്ച് കമ്പനി നിലവിൽ മൗനം പാലിക്കുകയാണെങ്കിലും, ചൈനയുടെ എഐ വിപണിയിൽ വലിയൊരു മാറ്റത്തിന് ഡീപ്‌സീക്ക് ഒരുങ്ങുന്നതായാണ് സൂചന.

administrator

Related Articles