ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ജെമിനിയിൽ ഉപയോക്താക്കൾക്ക് സ്വന്തം 3D അവതാറുകൾ സൃഷ്ടിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു. ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണം കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സവിശേഷത നിലവിൽ വികസന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് അതോറിറ്റി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഗൂഗിൾ ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പിലെ കോഡുകളിലാണ് ഈ ഫീച്ചറിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ഗൂഗിൾ ആൻഡ്രോയിഡ് എക്സ്.ആർ പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ച ‘ലൈക്-നെസ്’ സാങ്കേതികവിദ്യയ്ക്ക് സമാനമായ രീതിയിലായിരിക്കും ഈ അവതാറുകളും പ്രവർത്തിക്കുക. വീഡിയോ കോളുകളിലും ഓൺലൈൻ മീറ്റിംഗുകളിലും ഉപയോക്താവിന്റെ ഡിജിറ്റൽ സാന്നിധ്യം അറിയിക്കാൻ ഇത് സഹായിക്കും. ഗൂഗിൾ ആപ്പിലെ സെർവർ സൈഡ് ആക്ടിവേഷൻ പൂർത്തിയാകുന്നതോടെ മാത്രമേ സാധാരണ ഉപയോക്താക്കൾക്ക് ഈ സംവിധാനം ഉപയോഗിച്ചു തുടങ്ങാൻ സാധിക്കൂ.
കമാൻഡുകൾ ഉപയോഗിച്ച് ചിത്രങ്ങളിൽ സ്വന്തം അവതാർ ഉൾപ്പെടുത്താൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ആകർഷണം. ഉദാഹരണത്തിന്, “@me” എന്ന് ടൈപ്പ് ചെയ്യുന്നതിലൂടെ ഓരോ തവണയും സെൽഫികൾ അപ്ലോഡ് ചെയ്യാതെ തന്നെ ഉപയോക്താവിന്റെ 3D രൂപം ചിത്രങ്ങളിൽ ചേർക്കാം. ഈ അവതാർ ഫീച്ചർ ഗൂഗിളിന്റെ വീഡിയോ നിർമ്മാണ എഐ ആയ ‘വിയോ’ പോലുള്ളവയുമായി ഭാവിയിൽ എങ്ങനെ സംയോജിപ്പിക്കുമെന്ന ആകാംക്ഷയിലാണ് സാങ്കേതിക ലോകം.

