തട്ടിപ്പുകാരുടെ ഡിവൈസ് ഐഡി ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിന് നിർദേശം

തട്ടിപ്പുകാരുടെ ഡിവൈസ് ഐഡി ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിന് നിർദേശം

രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ വാട്സാപ്പിന് കർശന നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോണുകളുടെ ഡിവൈസ് ഐഡികൾ തിരിച്ചറിഞ്ഞ് അവ ബ്ലോക്ക് ചെയ്യണമെന്നതാണ് പ്രധാന നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതി വാട്സാപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുരക്ഷാ നടപടികൾ മുന്നോട്ടുവെച്ചത്. തട്ടിപ്പുകാരെ തിരിച്ചറിയുന്നതിനും കോളുകളിൽ അധിക സുരക്ഷ ഉറപ്പാക്കുന്നതിനും വാട്സാപ്പ് സമ്മതം അറിയിച്ചിട്ടുണ്ട്.

തട്ടിപ്പുകോളുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. ആൻഡ്രോയിഡ് ഫോണുകൾ വഴി തട്ടിപ്പുകാർ അയക്കുന്ന അപകടകരമായ എ.പി.കെ ഫയലുകൾ ബ്ലോക്ക് ചെയ്യാനും, പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ ലോഗോകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും നടപടി വേണം. ഡിജിറ്റൽ ആൾമാറാട്ടം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും, ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്താലും അതിലെ വിവരങ്ങൾ 180 ദിവസം വരെ സൂക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്.

സർക്കാർ ഏജൻസികളുടെ അന്വേഷണങ്ങളുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വാട്സാപ്പ് അധികൃതർ ഉറപ്പുനൽകി. ആൾമാറാട്ടം തടയാൻ നിലവിൽ സ്വീകരിച്ചുവരുന്ന എ.ഐ സംവിധാനങ്ങളെക്കുറിച്ച് കമ്പനി സമിതിയെ ബോധിപ്പിച്ചു. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങളിൽ 30 ദിവസത്തിനുള്ളിൽ വിശദമായ മറുപടി നൽകാൻ വാട്സാപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പരിഷ്കാരങ്ങൾ നടപ്പിലാകുന്നതോടെ വാട്സാപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് വലിയ അളവിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

administrator

Related Articles