സ്ത്രീസുരക്ഷയ്ക്ക് ബിഎസ്എൻഎൽ ‘കവച്’

സ്ത്രീസുരക്ഷയ്ക്ക് ബിഎസ്എൻഎൽ ‘കവച്’

റീചാർജ് കടകളിൽ മൊബൈൽ നമ്പർ നൽകാൻ മടിക്കുന്ന വനിതാ ഉപഭോക്താക്കൾക്കായി വിപ്ലവകരമായ സുരക്ഷാ സംവിധാനവുമായി ബിഎസ്എൻഎൽ. ‘ബിഎസ്എൻഎൽ കവച്’ (BSNL Kavach) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. റീചാർജ് ഷോപ്പുകളിലും മറ്റും യഥാർത്ഥ മൊബൈൽ നമ്പർ വെളിപ്പെടുത്തുന്നത് വഴിയുണ്ടാകുന്ന ദുരുപയോഗം തടയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കാൻ ബിഎസ്എൻഎൽ നടത്തുന്ന നൂതനമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഉപഭോക്താവിന്റെ യഥാർത്ഥ നമ്പറിന് ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുന്ന 10 അക്ക താൽക്കാലിക നമ്പറാണ് ‘കവച്’ വഴി ലഭിക്കുക. റീചാർജ് ചെയ്യാനായി കടകളിൽ എത്തുമ്പോൾ സ്ത്രീകൾക്ക് തങ്ങളുടെ ഒറിജിനൽ നമ്പറിന് പകരം ഈ താൽക്കാലിക നമ്പർ നൽകാം. ഈ നമ്പർ ഉപയോഗിച്ച് റീചാർജ് പൂർത്തിയാക്കുമ്പോൾ തുക യഥാർത്ഥ നമ്പറിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിലൂടെ കടയുടമയുടെയോ മറ്റോ ഡാറ്റാബേസിൽ സ്ത്രീകളുടെ യഥാർത്ഥ നമ്പർ സേവ് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ സാധിക്കും. ‘BSNL Self Care’ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഈ സേവനം എളുപ്പത്തിൽ ആക്സസ് ചെയ്യാം.

സ്ത്രീസുരക്ഷയ്ക്ക് പുറമെ സാങ്കേതിക വിദ്യയിലും വലിയ മുന്നേറ്റമാണ് ബിഎസ്എൻഎൽ കാഴ്ചവെക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച ‘ക്വാണ്ടം 5G’ സേവനങ്ങൾ ഹൈദരാബാദിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു. സിം കാർഡോ വയറുകളോ ഇല്ലാതെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഈ സേവനം ഉടൻ തന്നെ ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സുരക്ഷയും നൂതന സാങ്കേതിക വിദ്യയും ഒരുപോലെ സമ്മേളിപ്പിച്ചുകൊണ്ട് ബിഎസ്എൻഎൽ വിപണിയിൽ കരുത്തുറ്റ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.

administrator

Related Articles