AI ലോകത്തെ ഞെട്ടിച്ച് ആലിബാബയുടെ ക്വെൻ 3.5

AI ലോകത്തെ ഞെട്ടിച്ച് ആലിബാബയുടെ ക്വെൻ 3.5

ലോകമെമ്പാടുമുള്ള ടെക് ഭീമന്മാർ കൂറ്റൻ AI മോഡലുകൾ നിർമ്മിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, വലിപ്പം കുറഞ്ഞതും എന്നാൽ അതീവ കരുത്തുള്ളതുമായ മോഡലുകളുമായി എത്തിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ആലിബാബ. Qwen 3.5 സീരീസിന് കീഴിൽ 0.8B മുതൽ 9B വരെയുള്ള നാല് പുതിയ ഓപ്പൺ സോഴ്‌സ് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ഇവയുടെ സവിശേഷമായ ആർക്കിടെക്ചർ വഴി ടെക്സ്റ്റുകളും ചിത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ഈ പരമ്പരയിലെ 9B മോഡലാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചാവിഷയമാകുന്നത്. ഇതിലും പത്തിരട്ടി വലിപ്പമുള്ള പല വമ്പൻ AI മോഡലുകളെയും മറികടക്കുന്ന പ്രകടനമാണ് Qwen 3.5-9B കാഴ്ചവെക്കുന്നത്. ഗണിത പ്രശ്‌നപരിഹാരം, യുക്തിസഹമായ ചിന്ത, സങ്കീർണ്ണമായ രേഖകളുടെ വിശകലനം എന്നിവയിൽ ChatGPT, Gemini തുടങ്ങിയ മുൻനിര ചാറ്റ്ബോട്ടുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഈ ചെറിയ മോഡൽ നടത്തുന്നതെന്ന് ആലിബാബ അവകാശപ്പെടുന്നു.

പരമ്പരയിലെ കുറഞ്ഞ ശേഷിയുള്ള 0.8B, 2B മോഡലുകൾ സ്മാർട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും നേരിട്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയ കമ്പ്യൂട്ടിംഗ് പവർ ആവശ്യമില്ലാതെ തന്നെ മികച്ച രീതിയിൽ ചിത്രങ്ങളും വിവരങ്ങളും പ്രോസസ്സ് ചെയ്യാൻ ഇവയ്ക്ക് കഴിയും. ഡെവലപ്പർമാർക്ക് സ്വന്തം ആവശ്യങ്ങൾക്കായി മാറ്റം വരുത്താവുന്ന ‘ബേസ്’ പതിപ്പും നേരിട്ട് ഉപയോഗിക്കാവുന്ന ‘ഇൻസ്ട്രക്റ്റ്’ പതിപ്പും ആലിബാബ ലഭ്യമാക്കിയിട്ടുണ്ട്.

administrator

Related Articles