ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജവാർത്തകൾ തടയാൻ സഹായിക്കുന്ന ഇന്ത്യയിലെ പ്രൊഫഷണൽ വസ്തുതാ പരിശോധകർക്ക് നൽകുന്ന പ്രതിഫലം മെറ്റ കുത്തനെ കുറയ്ക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ നിലവിൽ നൽകുന്ന തുകയുടെ മൂന്നിലൊന്ന് മുതൽ 50 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിലെ വസ്തുതാ പരിശോധനാ പങ്കാളിത്തം മെറ്റ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ പങ്കാളികൾക്കും സാമ്പത്തികമായി തിരിച്ചടിയാകുന്ന നീക്കം മെറ്റ നടത്തുന്നത്.
പ്രൊഫഷണൽ സ്ഥാപനങ്ങൾക്ക് പകരം ഉപയോക്താക്കൾ തന്നെ വസ്തുതകൾ പരിശോധിക്കുന്ന ‘കമ്മ്യൂണിറ്റി നോട്ട്സ്’ എന്ന സംവിധാനത്തിലേക്ക് മാറാനാണ് മെറ്റയുടെ പദ്ധതി. എക്സ് പ്ലാറ്റ്‌ഫോം നിലവിൽ പിന്തുടരുന്ന ഈ മാതൃക കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുള്ള ഉപയോക്താക്കൾ ചേർന്ന് ഒരു പോസ്റ്റിന്റെ സത്യാവസ്ഥ വിലയിരുത്തുന്ന രീതിയാണിത്. എന്നാൽ, പ്രൊഫഷണൽ ഫാക്ട് ചെക്കർമാരുടെ സേവനം പൂർണ്ണമായും ഒഴിവാക്കുന്നത് വ്യാജവാർത്തകൾ പടരാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
മെറ്റയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ചെറുകിട ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങളെ ഈ തീരുമാനം സാരമായി ബാധിക്കും. വരുമാനം പകുതിയോളം കുറയുന്നതോടെ പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് സൂചന. വലിയ ന്യൂസ് റൂമുകളുടെ ഭാഗമല്ലാത്ത ഇത്തരം സ്വതന്ത്ര സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ മെറ്റയുടെ പുതിയ നീക്കത്തോടെ ഭീഷണിയിലായിരിക്കുകയാണ്. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഈ പങ്കാളിത്തം എന്നെന്നേക്കുമായി അവസാനിക്കുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

