എംഎസ്എംഇകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് ടാലി സൊല്യൂഷൻസ് തങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ ടാലിപ്രൈം റിലീസ് 7.0 പുറത്തിറക്കി. പ്ലാറ്റ്‌ഫോമിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ പതിപ്പ്, ബിസിനസ്സ് മാനേജ്‌മെന്റിനൊപ്പം ബാങ്കിംഗ് സേവനങ്ങളെയും ഓട്ടോമേഷനെയും ഒരേപോലെ സംയോജിപ്പിക്കുന്നു.
ബാലൻസ് പരിശോധന, സ്റ്റേറ്റ്‌മെന്റ് ആക്‌സസ്, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഒത്തുനോക്കൽ എന്നിവ ഇനി ടാലി സോഫ്റ്റ്‌വെയറിനുള്ളിൽ തന്നെ ചെയ്യാം. എൻപിസിഐയുടെ ഭാരത് ബിൽപേ ലിമിറ്റഡുമായി ചേർന്ന് വികസിപ്പിച്ച ഭാരത് കണക്റ്റ് ഫീച്ചറിലൂടെ ഇൻവോയ്‌സ് കൈമാറ്റവും പേയ്‌മെന്റുകളും പൂർണ്ണമായും ഓട്ടോമേറ്റഡ് ആകും. ഇത് കണക്കുകളിലെ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും. ടാലിഡ്രൈവ് അനുഭവത്തിൽ അപ്‌ഗ്രേഡ് ചെയ്ത എൻക്രിപ്ഷൻ സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ പൂർണ്ണമായും ബിസിനസ് ഉടമയുടെ നിയന്ത്രണത്തിൽ തന്നെ സുരക്ഷിതമായിരിക്കും.
വാങ്ങൽ-വിൽപന നടപടികളിലെ മാനുവൽ ജോലികൾ കുറച്ച് കൃത്യത ഉറപ്പാക്കുന്ന സംവിധാനങ്ങൾ പുതിയ പതിപ്പിലുണ്ട്. സജീവമായ ലൈസൻസുള്ള നിലവിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ എംഎസ്എംഇകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ടാലിപ്രൈം 7.0 സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

