മറ്റൊരാളുടെ ഇൻസ്റ്റാഗ്രാം ‘ക്ലോസ് ഫ്രണ്ട്‌സ്’ ലിസ്റ്റിൽ നിന്ന് ഉപയോക്താക്കൾക്ക് സ്വയം നീക്കം ചെയ്യാൻ അനുവദിക്കുന്ന പുതിയ സവിശേഷത പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവിൽ, ഒരാൾ നമ്മളെ അവരുടെ ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ, അവരുടെ സ്വകാര്യ സ്റ്റോറികളും റീലുകളും കാണാതിരിക്കാനോ ആ ലിസ്റ്റിൽ നിന്ന് സ്വയം ഒഴിവാകാനോ മാർഗമില്ലായിരുന്നു. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ, താല്പര്യമില്ലാത്ത ഗ്രൂപ്പുകളിൽ നിന്ന് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പുറത്തുകടക്കാം. ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്ത ഈ ഫീച്ചർ ഇപ്പോൾ വികസന ഘട്ടത്തിലാണ്.
ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ലിസ്റ്റിൽ നിന്ന് ഒഴിഞ്ഞാൽ പിന്നീട് ആ വ്യക്തിയുടെ സ്വകാര്യ ഉള്ളടക്കങ്ങൾ കാണാൻ സാധിക്കില്ല എന്ന വിവരമായിരിക്കും ഇതിലുണ്ടാവുക. സമാനമായ ഫീച്ചർ ഇൻസ്റ്റാഗ്രാമിന്റെ എതിരാളിയായ സ്നാപ്ചാറ്റിൽ നേരത്തെ തന്നെയുണ്ട്. 2018-ലാണ് തിരഞ്ഞെടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകൾ പങ്കിടാൻ സഹായിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്. ഏറെ നാളായി ഉപയോക്താക്കൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഈ മാറ്റം പ്ലാറ്റ്‌ഫോമിലെ സ്വകാര്യതയും നിയന്ത്രണവും വർദ്ധിപ്പിക്കാൻ സഹായിക്കും.

