നിത്യജീവിതത്തിൽ മിക്കവാറും എല്ലാവരും നേരിടുന്ന വലിയൊരു ശല്യമാണ് അനാവശ്യമായ സ്പാം കോളുകളും തട്ടിപ്പ് കോളുകളും. അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അത്ര ചെറുതല്ല. പലപ്പോഴും ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളിൽ നിന്ന് വീണ്ടും വിളി വരാറുമുണ്ട്. അതുകൊണ്ട് ബ്ലോക്ക് ചെയ്യുന്നത് ഒരു പരിഹാരമായി കാണാൻ കഴിയില്ല. എന്നാൽ ഇത്തരം ഡിജിറ്റൽ ശല്യങ്ങൾ ഒഴിവാക്കാൻ സോഷ്യൽ മീഡിയ ഉപയോക്താവായ ചിദാനന്ദ് ത്രിപാഠി പങ്കുവെച്ച മാർഗ്ഗങ്ങൾ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.
സ്പാം കോളുകൾ തടയാനുള്ള ചില കാര്യങ്ങൾ അറിയാം…
ബിൽറ്റ്-ഇൻ സ്പാം ഫിൽറ്ററുകൾ: സ്മാർട്ട് ഫോണുകളിലെ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ 80 ശതമാനം അനാവശ്യ കോളുകളും തടയാൻ സാധിക്കും.
സ്പാം ബ്ലോക്കിംഗ് ആപ്പുകൾ: ട്രൂകോളർ (Truecaller), റോബോ കില്ലർ (RoboKiller), നോനോറോബോസ (Nomorobo) തുടങ്ങിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ സംശയാസ്പദമായ നമ്പറുകൾ തിരിച്ചറിയാനും അവ തനിയെ ബ്ലോക്ക് ചെയ്യാനും കഴിയും.
ഡാറ്റാ ബ്രോക്കർ സൈറ്റുകളിൽ നിന്ന് വിവരം നീക്കം ചെയ്യുക: സ്പോക്കിയോ (Spokeo), വൈറ്റ് പേജുകൾ പോലുള്ള സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ഒഴിവാക്കുന്നത് സ്പാം കോളുകൾ 70 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും.
അപരിചിത കോളുകൾക്ക് മറുപടി നൽകാതിരിക്കുക: അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് മറുപടി നൽകാതിരിക്കാൻ ശ്രദ്ധിക്കുക. അബദ്ധവശാൽ പോലും ‘Call Back’ ചെയ്യുന്നത് നിങ്ങളുടെ നമ്പർ സജീവമാണെന്ന് സ്പാമർമാരുടെ AI (Artificial Intelligence) സംവിധാനത്തെ അറിയിക്കുന്നതിന് തുല്യമാണ്.

