ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. വ്യക്തിത്വ അവകാശം ലംഘിച്ചെന്നാരോപിച്ച് നടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. ഈ ചിത്രങ്ങള്‍ ‘വളരെ ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്’ എന്ന് കോടതി നിരീക്ഷിച്ചു.
ശില്പയുടെ രൂപം, ശബ്ദം, ശരീരഭാഷ എന്നിവ അനുമതിയില്ലാതെ ക്ലോണ്‍ ചെയ്ത് എഐ ടൂളുകള്‍ ഉപയോഗിച്ച് വ്യാജ വീഡിയോകളും ചിത്രങ്ങളും അടക്കം ഉള്ളടക്കം സൃഷ്ടിച്ച് പ്രചരിപ്പിച്ചതായി നടി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും, അത്തരം ഉള്ളടക്കങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസ് അദ്വൈത് സേത്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനുമതിയില്ലാതെ ഒരു വ്യക്തിയെയോ സ്ത്രീയെയോ ചിത്രീകരിക്കാനോ അവരുടെ രൂപം ദുരുപയോഗം ചെയ്യാനോ പാടില്ല എന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ശില്പയുടെ വ്യക്തിപ്രതിച്ഛായക്കും പ്രതിഷ്ഠയ്ക്കും കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ എഐ അടിസ്ഥാനമാക്കിയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ശില്പയുടെ പേര്, രൂപം, ശബ്ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടു.

