അശ്ലീല വെബ്സൈറ്റായ പോണ്ഹബ്ബില് വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ‘ഷൈനിഹണ്ടേഴ്സ്’ എന്ന കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പാണ് വെബ്സൈറ്റിലെ ഏകദേശം 20 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെടുന്നത്. ഇത്രയും വലിയ തോതില്‍ ഡാറ്റ ചോരുന്നത് ഇതാദ്യമായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ഗുരുതരമായി ബാധിക്കുന്ന വിവരങ്ങളാണ് ഹാക്കര്‍മാരുടെ കൈവശമെത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്, ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍,വെബ്സൈറ്റിലെ സെര്‍ച്ച് ഹിസ്റ്ററി, ഏതൊക്കെ വീഡിയോകളാണ് കണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍.
പ്രതിദിനം 10 കോടിയിലധികം സന്ദര്‍ശകരുള്ള സൈറ്റില്‍, പണം നല്കി സേവനം ഉപയോഗിക്കുന്ന പ്രീമിയം സബ്സ്ക്രിപ്ഷന് ഉള്ളവരെയാണ് ഈ ഹാക്കിങ് പ്രധാനമായും ബാധിച്ചതെന്നാണ് വിവരം. ചില പ്രീമിയം ഉപഭോക്താക്കളുടെ അനലിറ്റിക്സ് ഡാറ്റയിലേക്ക് അനധികൃത പ്രവേശനം ഉണ്ടായതായി പോണ്‍ഹബ്ബ് അധികൃതര്‍ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ കൈക്കലാക്കിയതിന് പിന്നാലെ ഷൈനിഹണ്ടേഴ്സ് പോണ്‍ഹബ്ബ് അധികൃതരോട് വന്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സൂചനകളുണ്ട്. ഡാറ്റ പരസ്യമാക്കാതിരിക്കാനാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടുന്നത്. മുമ്പ് മൈക്രോസോഫ്റ്റ്, വാട്ട്പാഡ് തുടങ്ങിയ വന്‍കിട കമ്പനികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ ചരിത്രമുള്ള ഗ്രൂപ്പാണ് ഷൈനിഹണ്ടേഴ്സ്.

