സെന്‍സര്‍ വിവാദങ്ങള്‍ക്കൊടുവില്‍ ഷെയിന്‍ നിഗം നായകനാകുന്ന ചിത്രം ‘ഹാല്‍’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമാണ് ‘ഹാല്‍’ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉള്‍പ്പെടെ ആറ് ഭാഗങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു സിബിഎഫ്‌സിയുടെ ആവശ്യം. ഇതിനെതിരെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്രദര്‍ശനാനുമതി നല്‍കണമെങ്കില്‍ ആറിടങ്ങളില്‍ ഹാലിന് വെട്ടിക്കുറയ്ക്കലുകള്‍ വരുത്തണമെന്നായിരുന്നു സിബിഎഫ്‌സിയുടെ നിലപാട്. ആറ് കട്ടുകളില്‍ നാല് എണ്ണം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ സിബിഎഫ്‌സിയും കാത്തലിക് കോണ്‍ഗ്രസും സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയും സിംഗിള്‍ ബെഞ്ച് വിധി ശരിവെക്കുകയും ചെയ്തു. അപ്പീല്‍ പരിഗണിക്കുന്നതിനിടെ ജഡ്ജിമാര്‍ ‘ഹാല്‍’ സിനിമ നേരിട്ട് കണ്ടിരുന്നു. അതിനാല്‍ സിനിമ ആസ്വദിച്ചുവെന്ന നിരീക്ഷണവും ഡിവിഷന്‍ ബെഞ്ച് നടത്തി.
സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ‘ഹാല്‍’ റിലീസ് ചെയ്യുന്നുണ്ട്.

