കൗമാരക്കാരുടെ സുരക്ഷയ്ക്ക് പരമാവധി മുന്‍ഗണന നല്കുന്ന തരത്തില്‍ ‘മോഡല്‍ സ്പെക്ക്’ അപ്ഡേറ്റ് ചെയ്യുകയാണെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐ അറിയിച്ചു. എഐ മോഡലുകള്‍ ഉപയോക്താക്കളുമായി എങ്ങനെ ഇടപഴകണം, എന്തെല്ലാം പരിധികളാണ് പാലിക്കേണ്ടത് എന്നിവ വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് മോഡല്‍ സ്പെക്ക്.
പുതിയ അപ്ഡേറ്റിലൂടെ, മറ്റ് എല്ലാ ലക്ഷ്യങ്ങളേക്കാളും കൗമാരക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കുക എന്ന് കമ്പനി വ്യക്തമാക്കി. വിവര കൈമാറ്റവും സുരക്ഷയും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായാല്‍, സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് പ്രായത്തിനനുസരിച്ചും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.
മോഡല്‍ സ്പെക്കില്‍ വന്ന അപ്ഡേറ്റുകള്
- എല്ലാ സാഹചര്യങ്ങളിലും കൗമാരക്കാരുടെ സുരക്ഷയ്ക്കായിരിക്കും മുന്‍ഗണന.
- ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ മാത്രം ആശ്രയിക്കാതെ, യഥാര്‍ഥ ലോകത്തിലെ വിശ്വസനീയരായ ആളുകളില്‍ നിന്ന് സഹായം തേടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കും.
- ചാറ്റ്ബോട്ടുകള്‍ അതിരുകടന്ന സൗഹൃദമോ മുതിര്‍ന്നവരെ അനുകരിക്കുന്ന രീതിയോ ഒഴിവാക്കി, സന്തുലിതവും വിവേകപൂര്‍ണ്ണവുമായ സമീപനം സ്വീകരിക്കും.
- ചാറ്റ്ബോട്ടിന് ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതും വ്യക്തമായി ഉപയോക്താവിന് അറിയിക്കും.

