മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് നില വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1977ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് 48 വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ 200ലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. മലയാളി മനസുകളില്‍ എന്നും ഓര്‍ത്തു വയ്ക്കാനായി ഒരുപിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ ശേഷമുള്ള താരത്തിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ് എല്ലാവരും. അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
മലയാള സിനിമയില്‍ ആക്ഷേപഹാസ്യത്തിന് പുതിയ മാനം നല്‍കിയ തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസന്‍. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരക്കഥാരംഗത്തേക്ക് ചുവടുവെച്ചത്. തുടര്‍ന്ന് ‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘പട്ടണപ്രവേശം’ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു. രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും ജീര്‍ണ്ണതകളെ നര്‍മ്മത്തില്‍ ചാലിച്ച് വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ ശൈലി മലയാളിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. സന്ദേശവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമെല്ലാം ഇന്നും മലയാളികള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ കാരണം അത് തന്നെയാണ്.

