എഐ രംഗത്ത് വരാനിരിക്കുന്നത് കടുത്ത മത്സരമെന്ന് ഇലോണ്‍ മസ്‌ക്

എഐ രംഗത്ത് വരാനിരിക്കുന്നത് കടുത്ത മത്സരമെന്ന് ഇലോണ്‍ മസ്‌ക്

നിര്‍മിതബുദ്ധിയുടെ രംഗത്ത് വരാനിരിക്കുന്നത് കടുത്ത മത്സരമാണെന്ന മുന്നറിയിപ്പുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. എന്‍വിഡിയയുടെ അടുത്ത തലമുറ ബ്ലാക്ക്‌വെല്‍ ചിപ്പുകള്‍ ടെക് വ്യവസായത്തില്‍ വലിയ മാറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. എഐ രംഗത്ത് വര്‍ധിച്ചുവരുന്ന മത്സരത്തെക്കുറിച്ച് നിക്ഷേപകന്‍ ഗാവിന്‍ ബേക്കര്‍ ഒരു പോഡ്കാസ്റ്റില്‍ സംസാരിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി മസ്‌ക് രംഗത്തെത്തുന്നത്.

എന്‍വിഡിയയുടെ ബ്ലാക്ക്‌വെല്‍ ചിപ്പുകളിലേക്കുള്ള മാറ്റത്തിന് നേരിട്ട കാലതാമസമാണ് ഗൂഗിളിന് താല്‍ക്കാലിക നേട്ടമുണ്ടാക്കിയതെന്ന് ബേക്കര്‍ അഭിപ്രായപ്പെടുന്നു. കാലതാമസംമൂലം ചെലവുകുറഞ്ഞ എഐ സംവിധാനങ്ങളുടെ നിര്‍മ്മാതാവായി ഗൂഗിള്‍ മാറി. ഇത് ചെലവ് കുറയ്ക്കുകയും എതിരാളികളെ ഞെരുക്കുകയും ചെയ്തു. ഗൂഗിളിന്റെ തന്ത്രം എഐ രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്ലാക്ക്‌വെല്‍ ചിപ്പുകള്‍ക്ക് 2026ഓടെ എഐയുടെ സാമ്പത്തികശാസ്ത്രം മാറ്റാന്‍ കഴിയുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ബ്ലാക്ക്‌വെല്‍ ചിപ്പുകളില്‍ പരിശീലനം ലഭിച്ച ആദ്യത്തെ പ്രധാന എഐ മോഡലുകള്‍ 2026ന്റെ തുടക്കത്തില്‍ വരും. മസ്‌കിന്റെ XAI അവ വലിയ തോതില്‍ വിന്യസിക്കുന്ന ആദ്യ കമ്പനികളില്‍ ഒന്നാകുമെന്നും ബേക്കര്‍ വിശദീകരിച്ചു. എഐ രംഗത്തെ ഈ മാറ്റം ഗൂഗിളിനെ അവരുടെ നിലവിലെ തന്ത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയേക്കാം. ഇത് അവരുടെ ലാഭത്തെയും ഓഹരി പ്രകടനത്തെയും സമ്മര്‍ദ്ദത്തിലാക്കിയേക്കാം. ഇതെല്ലാം എഐ വ്യവസായത്തിലെ മത്സരസ്വഭാവത്തെ പുനര്‍നിര്‍വചിക്കുമെന്നും ബേക്കര്‍ മുന്നറിയിപ്പ് നല്‍കി.

നിര്‍മിതബുദ്ധിയുടെ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ ഊന്നിയുള്ള ഗൂഗിളിന്റെ സമീപനമാണ് ഓപ്പണ്‍എഐയെ വിറപ്പിച്ചത്. അതിനിടെ, എന്‍വിഡിയയുടെ ചിപ്പുകള്‍ക്ക് പകരം ഗൂഗിളിന്റെ ടിപിയു ചിപ്പുകള്‍ വാങ്ങാന്‍ മെറ്റ ചര്‍ച്ച നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് എന്‍വിഡിയയുടെ ഓഹരി മൂല്യത്തിലും വിപണി മൂല്യത്തെയും ബാധിച്ചിരുന്നു. കമ്പനിയുടെ വാര്‍ഷിക വരുമാനത്തെയും നീക്കങ്ങള്‍ ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടു. അതിനിടെയാണ് എന്‍വിഡിയയുടെ പുതിയ ചിപ്പ് വരുന്നതോടെ കാര്യങ്ങള്‍ മാറിമറിയുമെന്ന മുന്നറിയിപ്പുമായി മസ്‌ക് രംഗത്തെത്തിയിട്ടുള്ളത്.

administrator

Related Articles