ഐഫോണ്‍, ഐപാഡ്, മാക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം. ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു അജ്ഞാത ഹാക്കിംഗ് ക്യാമ്പയിന്‍ അഥവാ ‘സീറോഡേ ആക്രമണം’ കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗോള ടെക് ഭീമന്മാരായ ഗൂഗിളും ആപ്പിളും അടിയന്തര സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി. ഈ ആക്രമണം തടയുന്നതിനായി ഉപയോക്താക്കള്‍ ഉടന്‍ തന്നെ അവരുടെ ഉപകരണങ്ങളിലും ക്രോം ബ്രൗസറിലും ലഭ്യമായ ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ പരിഹരിക്കുന്നതിനായി ഗൂഗിള്‍ പുതിയ സുരക്ഷാ പാച്ച് പുറത്തിറക്കി. ഈ ബഗുകളിലൊന്ന് ഹാക്കര്‍മാര്‍ സജീവമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് (സീറോഡേ ആക്രമണം) കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയത് ആപ്പിളിന്റെ സുരക്ഷാ എഞ്ചിനീയറിംഗ് ടീമും ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പും (TAG) സംയുക്തമായാണ്. സര്‍ക്കാര്‍ ഹാക്കര്‍മാരെയും ചാര സോഫ്റ്റ്‌വെയറുകളെയും നിരീക്ഷിക്കുന്നതില്‍ വൈദഗ്ധ്യമുള്ള TAG ആണ് ബഗ് കണ്ടെത്തിയതെന്നതിനാല്‍, ഈ ആക്രമണത്തിന് പിന്നില്‍ ഒരു പ്രധാന സര്‍ക്കാര്‍ ഏജന്‍സിയോ അതല്ലെങ്കില്‍ വിദഗ്ദ്ധരായ പ്രൊഫഷണല്‍ ഹാക്കര്‍മാരോ ആകാനാണ് സാധ്യത.
ഗൂഗിളിനൊപ്പം, ആപ്പിളും തങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങളായ ഐഫോണ്‍, ഐപാഡ്, മാക്, വിഷന്‍ പ്രോ, ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ച്, സഫാരി ബ്രൗസര്‍ എന്നിവയ്ക്കായി അടിയന്തര സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി. ഐഫോണ്‍, ഐപാഡ് ഉപകരണങ്ങളിലെ രണ്ട് ഗുരുതരമായ സുരക്ഷാ പിഴവുകളാണ് ആപ്പിള്‍ ഇതിലൂടെ പരിഹരിച്ചത്. പഴയ ശഛട പതിപ്പുകള്‍ ഉപയോഗിക്കുന്ന ചില ‘പ്രിവിലേജ്ഡ് വ്യക്തികളെ’ ലക്ഷ്യമിട്ടുള്ള അതിസങ്കീര്‍ണ്ണമായ ആക്രമണങ്ങള്‍ക്ക് ഈ ബഗുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

